ദാഹിറ ഗവർണറേറ്റിൽ നിന്ന് 1664 നിരോധിത കളിപ്പാട്ടങ്ങൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തു.നിരോധിത ജെല്ലിയും സ്ലിം അധിഷ്ഠിത കളിപ്പാട്ടങ്ങളുമാണ് പ്രവാസി വ്യാപാരിയുടെ സ്ഥാപനത്തിൽനിന്ന് കണ്ടെടുത്തത്.
പ്രാദേശിക വിപണികളിൽ ഈ നിരോധിത വസ്തുക്കൾ വിൽക്കുന്നതിനെക്കുറിച്ചുള്ള വിവരത്തെതുടർന്നായിരുന്നു പരിശോധന. ഇത്തരത്തിലുള്ള പ്രവർത്തനം ഉപഭോക്തൃ സംരക്ഷണ നിയമം, എക്സിക്യൂട്ടിവ് ചട്ടങ്ങൾ, തീരുമാനങ്ങൾ എന്നിവയുടെ ലംഘനമാണ്.
ജെല്ലി, സ്ലിം അധിഷ്ഠിത കളിപ്പാട്ടങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിനായി ബന്ധപ്പെട്ട അധികാരികളിൽനിന്ന് ആവശ്യമായ അനുമതികൾ നേടേണ്ടതാണ്.പിടിച്ചെടുത്ത വസ്തുക്കൾ നശിപ്പിക്കാനായി കണ്ടുകെട്ടുകയും നിയമലംഘകർക്ക് 500 റിയാൽ പിഴ ചുമത്തുകയും ചെയ്തു.
ആരോഗ്യകരവും സുരക്ഷിതവുമായ വിപണി അന്തരീക്ഷം നിലനിർത്താനുള്ള ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായായിരുന്നു പരിശോധന.