വിദ്യാർത്ഥികളിരിക്കെ ക്ലാസ് റൂം തകർന്നുവീണു; ഏഴാം ക്ലാസുകാരന് പരിക്ക്

ഗുജറാത്തിലെ സ്‌കൂളിലെ ക്ലാസ് മുറിയുടെ ഭിത്തി തകർന്ന് വീണ് ഏഴാം ക്ലാസുകാരന് പരിക്ക്. വഡോദരയിലെ ശ്രീനാരായൺ ഗുരുകുൽ സ്‌കൂളിലെ ക്ലാസ്മുറിയുടെ ഒരു ഭിത്തിയാണ് പൂർണമായും തകർന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി അനുവദിച്ച സമയത്താണ് ഭിത്തി ഇടിഞ്ഞുവീണതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ രൂപാൽ ഷാ അറിയിച്ചു. പെട്ടെന്നൊരു ശബ്ദം കേൾക്കുകയായിരുന്നു. ക്ലാസിലേക്ക് ഓടിയെത്തിയപ്പോഴാണ് ഭിത്തി തകർന്ന നിലയിൽ കണ്ടത്.

ഒരു വിദ്യാർത്ഥിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. ഉടൻ തന്നെ മറ്റുളളവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നുവെന്ന് രൂപാൽ ഷാ മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാർത്ഥികളുടെ സൈക്കിളുകൾ പാർക്ക് ചെയ്തിരുന്ന ഭാഗത്തേക്കാണ് ഭിത്തി തകർന്നുവീണത്. ഇതോടെ നിരവധി സൈക്കിളുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പരിക്കേറ്റ വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *