വിമാന യാത്ര നിരക്കുവര്‍ധന; കെഎംസിസി ഡയസ്‌പോറ സമ്മിറ്റ് ആഗസ്റ്റ് 8 ന് ഡല്‍ഹിയില്‍

സീസണ്‍ സമയത്തെ അനിയന്ത്രിത വിമാന യാത്രാക്കൂലി വര്‍ദ്ധനവിന് പരിഹാരം തേടി പ്രവാസി സംഘടനകള്‍ ഡല്‍ഹിയിലേക്ക്. അബുദാബി കെഎംസിസിയുടെ നേതൃത്വത്തില്‍ വിവിധ പ്രവാസികളുടെ ആഭിമുഖ്യത്തിലാണ് ‘ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’ എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 8ന് ഡല്‍ങി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഹാളില്‍ നടക്കുന്ന സമ്മിറ്റില്‍ കേരളത്തില്‍ നിന്നുള്ള മുഴുവന്‍ ജനപ്രതിനിധിളും പങ്കെടുക്കും.കേന്ദ്ര മന്ത്രിമാരെയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. അബുദാബി കെഎംസിസി, ഡല്‍ഹി കെഎംസിസിയുടെയും സഹകരണത്തോടെ അബുദാബിയിലെ മുപ്പതോളം പ്രവാസി സംഘടനകളുടെ കൂട്ടായ്മയിലാണ് സമ്മിറ്റ് ഒരുക്കുന്നത്. സീസണ്‍ കാലത്ത് ഗള്‍ഫിലേക്കും തിരിച്ചുമുള്ള വിമാനയാത്ര കൂലി ക്രമാതീതമായി ഉയര്‍ത്തി പ്രവാസികളെ കൊള്ളയടിക്കുന്ന രീതിയിലാണ് വിമാനക്കമ്പനികള്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്നത്. ഇതിനൊരു ശാശ്വതമായ പരിഹാരം ആവശ്യപ്പെട്ട് പ്രവാസി സംഘടനകള്‍ ഉയര്‍ത്തുന്ന മുറവിളിയെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തുവരുന്നത്. പ്രവാസികള്‍ നേരിടുന്ന വിവിധങ്ങളായ വിഷയങ്ങളില്‍ കൂട്ടായ മുന്നേറ്റത്തിന് അബുദാബിയിലെ മുപ്പതോളം പ്രവാസി സംഘടനകളുടെ സഹകരണത്തോടെയാണ് ഡയസ്‌പോറ സമ്മിറ്റ് ആദ്യ രണ്ടു സെഷനുകള്‍ കഴിഞ്ഞ ഫെബ്രുവരി 11, മെയ് 5 ദിവസങ്ങളില്‍ നടന്നത്.ഈ സെഷനുകളില്‍ വിമാനയാത്രാക്കൂലി, പ്രവാസി വോട്ടവകാശം, വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ഇതില്‍ വിമാനയാത്രക്കൂലി വിഷയം മുന്‍നിര്‍ത്തിയായിരിക്കും ഡല്‍ഹി സമ്മിറ്റി ചര്‍ച്ച ചെയ്യുക. വിമാനയാത്രക്കൂലി വര്‍ദ്ധനവ് സംബന്ധിച്ച് നിയമപരമായ നടപടികള്‍ക്ക് പുറമെ പാര്‍ലമെന്റിന്റെ കൂടി ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരുകയാണ് ലക്ഷ്യം. മുന്‍ സര്‍ക്കാര്‍ ഈ വിഷയം പഠിക്കാനായി നിയോഗിച്ച പാര്‍ലിമെന്ററി കാര്യ സബ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു അനുകൂല തീരുമാനം ഉണ്ടാക്കുക എന്നത് കൂടി ഈ യോഗത്തിന്റെ മുഖ്യ അജണ്ടയാണ്. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ഇരുന്നൂറോളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.

ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി പ്രഖ്യാപന കണ്‍വന്‍ഷന്‍ അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്നു. അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സേവനം യുഎഇ പ്രസിഡന്റ് രാജന്‍ അമ്പലത്തറ ഉദ്ഘാടനം ചെയ്തു. ബി.സി. അബൂബക്കര്‍ (ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍), ബി. യേശുശീലന്‍ (അനോറ), അന്‍സാര്‍ (മലയാളി സമാജം), മേരി തോമസ് (ഡയറക്ടര്‍ ബിന്‍ മൂസ ട്രാവല്‍സ്) ജോണ്‍ സാമുവേല്‍ (ഐഎസ്‌സി) ബഷീര്‍ (പ്രവാസി ഫോറം), കബീര്‍ ഹുദവി (സുന്നി സെന്റര്‍), സഫറുള്ള പാലപ്പെട്ടി (കേരള സോഷ്യല്‍ സെന്റര്‍), റാഷീദ് പൂമാടം (സിറാജ് ന്യൂസ്), ഹാമിദ് അലി (ഐസിസി), നസീര്‍ പെരുമ്പാവൂര്‍ (ദര്‍ശന സാംസ്‌കാരിക വേദി), പിഎം ഫാറൂഖ് (ഐഎംസിസി), ഷബാന അഷ്‌റഫ് (അബുദാബി മലയാളീസ്), കരീം (ഇന്ദിരാഗാന്ധി വീക്ഷണ ഫോറം), നിഷാദ് സുലൈമാന്‍ (അബുദാബി മലയാളി ഫോറം), നഈമ (വേള്‍ഡ് ഓഫ് ഹാപ്പിനസ് ), വിമല്‍ കുമാര്‍ (സാംസ്‌കാരിക ഫോറം), എം.കബീര്‍ (പ്രവാസി ഇന്ത്യ), അബ്ദുല്‍ വാഹിദ് (വേള്‍ഡ് മലയാളി അസോസിയയേഷന്‍), ഉമ്മര്‍ നാലകത്ത് (സോഷ്യല്‍ ഫോറം), ടി കെ അബ്ദുല്‍ സലാം, ഹൈദര്‍ ബിന്‍ മൊയ്ദു, നൗഷാദ് ബക്കര്‍, കെഎംസിസി പ്രതിനിധികള്‍ തുടങ്ങി നിരവധിപേര്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു സംസാരിച്ചു. അബുദാബി കെഎംസിസി ആക്ടിങ് ജനറല്‍ സെക്രട്ടറി നിസാമുദ്ധീന്‍ അസൈനാരു പിള്ള സ്വാഗതവും ട്രഷറര്‍ പി കെ അഹമ്മദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *