ബൈക്കിന് പിന്നിലിരിക്കുന്ന ആളോട് ഇനി സംസാരിക്കരുത്; പിഴ ഈടാക്കാൻ എംവിഡി

ബൈക്കിനുപിന്നിൽ ഇരിക്കുന്ന ആളോട് ഒരുകാരണവശാലും സംസാരിക്കരുത്. സംസാരിച്ചാൽ ബൈക്കുടമ പിഴകൊടുക്കേണ്ടി വരും. ഇരുചക്രവാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ പിന്നിൽ ഇരിക്കുന്ന ആൾ സംസാരിച്ചാൽ പിഴ ഉൾപ്പടെയുള്ള നടപടിക്ക് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം. ബൈക്ക് ഓടിക്കുന്ന ആളും പിന്നിലിരിക്കുന്ന ആളും ഹെൽമറ്റ് ധരിച്ച് സംസാരിക്കുന്നത് ഓടിക്കുന്നയാളുടെ ശ്രദ്ധമാറ്റുകയും അത് അപകടത്തിന് ഇടയാക്കിയേക്കുമെന്നുമുള്ള റിപ്പോർട്ടിനെ തുടർന്നാണ് പുതിയ നിർദ്ദേശം.

ഇങ്ങനെ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കാമെന്ന് എല്ലാ ആർടിഒമാർക്കും അയച്ച സർക്കുലറിൽ ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ കെ മനോജ് കുമാർ നിർദ്ദേശിച്ചു. എന്നാൽ ഇത് എങ്ങനെ നടപ്പാക്കുമെന്ന് അറിയാതെ വിഷമിക്കുകയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ. വാഹനങ്ങളിൽ ചട്ടവിരുദ്ധമായി സർക്കാർ മുദ്രകളും ബോർഡുകളും ഉപയോഗിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *