പെട്രോൾ പമ്പിൽ തീപ്പിടിത്തം; ഒഴിവായത് വൻ ദുരന്തം

തൃശ്ശൂർ വാഴക്കോട് പെട്രോൾ പമ്പിൽ തീപ്പിടിത്തം. വാഴക്കോട് ഖാൻ പെട്രോൾ പമ്പിലാണ് ചൊവ്വാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ തീ പിടിച്ചത്. എച്ച്.പിയുടെ ഏജൻസിയാണ് ഇത്. തീ വളരെപ്പെട്ടെന്ന് അണയ്ക്കാനായതിനാൽ വലിയ ദുരന്തം ഒഴിവായി.

പമ്പിൽനിന്ന് ഒഴുകിയെത്തുന്ന മഴവെള്ളത്തിൽ പെട്രോൾ കലർന്നിരുന്നു. കാലങ്ങളായി ഒഴുകിയെത്തിയ ഈ വെള്ളം പമ്പിന് മുപ്പത് മീറ്റർ മാറിയുള്ള പച്ചക്കറി കടയുടെ മുന്നിലൂടെയാണ് ഒഴുകുന്നത്. ഈ കടയുടെ മുന്നിൽ വെള്ളം ഒഴുകി ചെറിയ രീതിയിൽ കുഴി രൂപപ്പെട്ട് കൂടുതൽ വെള്ളം കെട്ടിക്കിടന്നിരുന്നു. കടയിൽ സാധനങ്ങൾ വാങ്ങാൻ വന്ന ആരോ സിഗരറ്റ് വലിച്ച് കുറ്റി വെള്ളത്തിൽ എറിഞ്ഞതിൽ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്.

വെള്ളത്തിലെ പെട്രോളിന് തീപ്പിടിച്ച് പമ്പിലേക്ക് എത്തുകയായിരുന്നു.വളരെ പെട്ടെന്ന് അണക്കാനായതിനാൽ വലിയ ദുരന്തം ഒഴിവായി. പമ്പിൽ എത്തിയ ടാങ്കറിൻ്റെ ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയ സമയമായിരുന്നു തീപ്പിടിത്തം. എന്നാൽ, ഒരു സ്വകാര്യ ബസ് ഡ്രൈവർ പെട്ടെന്ന് ടാങ്കർ പമ്പിൽനിന്ന് മാറ്റി ദുരന്തം ഒഴിവാക്കി. വാതക ഇന്ധന പമ്പും ഇവിടെയുണ്ട്.

വാഴക്കോട് വലിയപറമ്പിൽ നൗഷാദിൻ്റെ പച്ചക്കറിക്കടയിലെ പച്ചക്കറി തീപ്പിടിത്തത്തിൽ നശിച്ചിട്ടുണ്ട്. പമ്പിലേക്ക് പടർന്ന തീ വാൽവുകൾക്ക് മുകളിലൂടെയും കത്തി. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീ അണച്ചതിനാൽ പ്രധാനടാങ്കുകളിലേക്ക് പടർന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *