നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിക്ക് വിധിച്ച പിഴ സ്റ്റേ ചെയ്ത് സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തു. ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് ആയിരുന്നു സുനിക്ക് ഹൈക്കോടതി പിഴ വിധിച്ചിരുന്നത്.

ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധിച്ച പിഴ സ്റ്റേ ചെയ്തത്. ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് 25000 രൂപ ആയിരുന്നു ഹൈക്കോടതി സുനിക്ക് പിഴ വിധിച്ചിരുന്നത്.

അതേസമയം, ആരോഗ്യപരമായ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി സുനി നൽകിയ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. ജാമ്യാപേക്ഷ സെപ്റ്റംബറിൽ പരിഗണിക്കാം എന്നായിരുന്നു കോടതി ആദ്യം വ്യക്തമാക്കിയത്. എന്നാൽ സുനി ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പടെ പരിശോധിച്ച ശേഷം ഓഗസ്റ്റ് 27 ന് ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തവണ സുനി ഹർജി സമർപ്പിച്ചിരിക്കുന്നത്.

നേരത്തെ സുനി നൽകിയ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് സുനിയുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയത്. 2017 ഫെബ്രുവരിയിലാണ് നടി കൊച്ചിയിൽ കാറിൽ ആക്രമിക്കപ്പെട്ടത്. നടൻ ദിലീപിന് വേണ്ടി ക്വട്ടേഷൻ ഏറ്റെടുക്കുകയായിരുന്നുവെന്നായിരുന്നു സുനിയുടെ മൊഴി. പ്രതിയായ ദിലീപിന് അടക്കം നേരത്തെ ജാമ്യം ലഭിച്ചിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *