അമേരിക്കയെ കുറ്റപ്പെടുത്തിയിട്ടില്ല; വിശദീകരണവുമായി ഷേഖ് ഹസീനയുടെ മകന്‍

ഷേഖ് ഹസീനയുടേതെന്ന പേരില്‍ പ്രചരിക്കുന്ന പ്രസ്താവനകള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് മകന്‍ സജീബ് വാസെദ് ജോയ്.

തന്റെ രാജിക്ക് പിന്നില്‍ അമേരിക്കയുടെ ഗൂഢാലോചനയാണെന്ന് ഷേഖ് ഹസീന പറഞ്ഞുവെന്ന തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സജീബ് വാസെദ് നിഷേധിച്ചു. എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ ഷേഖ് ഹസീന പറഞ്ഞുവെന്ന തരത്തില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ തീര്‍ത്തും തെറ്റാണെന്നും, കെട്ടിച്ചമച്ചതാണെന്നും സജീബ് വ്യക്തമാക്കി. രാജ്യത്ത് ആഭ്യന്തരയുദ്ധത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ചതിന് ഉത്തരവാദി അമേരിക്കയാണെന്ന് ഹസീന രാജി പ്രസ്താവനയില്‍ ആരോപിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

‘അടുത്തിടെ ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ച എന്റെ അമ്മയുടേത് എന്ന പേരില്‍ പുറത്ത് വന്ന രാജി പ്രസ്താവന പൂര്‍ണമായും വ്യാജവും കെട്ടിച്ചമച്ചതുമാണ്. ധാക്ക വിടുന്നതിന് മുന്‍പോ ശേഷമായോ അവര്‍ അത്തരത്തില്‍ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല,’ വാസെദ് എക്സില്‍ കുറിച്ചു.

പ്രക്ഷോഭത്തെ തുടര്‍ന്ന് രാജിവച്ച്‌ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതിന് മുൻപ് ബംഗ്ലാദേശ് ജനതയെ അഭിസംബോധന ചെയ്യാന്‍ ഹസീന ഒരു പ്രസംഗം നടത്താന്‍ ആഗ്രഹിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അക്കാര്യവും മകന്‍ നിഷേധിച്ചു. പ്രക്ഷോഭകാരികള്‍ ഔദ്യോഗിക വസതിയിലേക്ക് കയറുമെന്ന് ഉറപ്പായതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പ്രസംഗം ഹസീന ഒഴിവാക്കുകയുമായിരുന്നെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. 

പ്രസംഗത്തില്‍ അമേരിക്കയ്‌ക്കെതിരെ ഹസീന രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ശവക്കൂമ്ബാരം കാണാതിരിക്കാനാണ് താന്‍ രാജി വച്ചതെന്നും സെന്റ് മാര്‍ട്ടിന്‍ ദ്വീപിന്റെ പരമാധികാരം അമേരിക്കയ്ക്ക് വിട്ടുകൊടുത്തിരുന്നെങ്കില്‍ അധികാരത്തില്‍ തുടരാമായിരുന്നുവെന്നും പ്രസംഗത്തില്‍ ഉണ്ടായിരുന്നതായും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *