മനു ഭാക്കറും നീരജും വിവാഹിതരാകുമോ? പ്രതികരണവുമായി മനുവിന്റെ പിതാവ്

പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ താരങ്ങളായിരുന്നു ഷൂട്ടര്‍ മനു ഭാക്കറും ജാവലിന്‍ താരം നീരജ് ചോപ്രയും. ഷൂട്ടിങ്ങില്‍ ഇരട്ട മെഡലുകള്‍ നേടി മനു ചരിത്രമെഴുതി. നീരജാകട്ടെ പാരീസിലെ ഇന്ത്യയുടെ ഏക വെള്ളി മെഡല്‍ നേടി.

എന്നാൽ ഇപ്പോൾ അതൊന്നുമല്ല ചർച്ച. കഴിഞ്ഞ ദിവസം പുറത്തുവന്ന ഇരുവരും ഒന്നിച്ചുള്ള ഒരു വീഡിയോയാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. പാരീസ് ഒളിമ്പിക്‌സിനു ശേഷം നടന്ന ഒരു ചടങ്ങില്‍ നിന്നുള്ളതായിരുന്നു ഈ വീഡിയോ. വീഡിയോയിൽ പരസ്പരം മുഖത്ത് നോക്കി സംസാരിക്കാന്‍ മടിക്കുന്ന നീരജിനെയും മനുവിനെയും കാണാം. അത് മാത്രമല്ല മനു ഭാക്കറിന്റെ അമ്മ നീരജിനോട് സംസാരിക്കുന്നതിന്റെയും താരത്തിന്റെ കൈ എടുത്ത് തലയില്‍ വെയ്ക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതാണ് നെറ്റസൺസിന്റെ ഇടയിൽ സംശയമുണ്ടാക്കിയത്. ഇതിനു പിന്നാലെ നീരജും മനുവും വിവാഹിതരാകാന്‍ പോകുകയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചു. മനുവിന്റെ അമ്മയും നീരജും തമ്മില്‍ എന്താണ് സംസാരിച്ചതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. ചര്‍ച്ചകള്‍ കാടുകയറിപ്പോയതോടെ ഇപ്പോഴിതാ മനുവിന്റെ പിതാവ് രാം കിഷന്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. വിവാഹം സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ എല്ലാം അദ്ദേഹം തള്ളി.

മനു വളരെ ചെറുപ്പമാണ്. അവള്‍ക്ക് വിവാഹപ്രായം പോലുമായിട്ടില്ല. അതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നുപോലുമില്ല. മനുവിന്റെ അമ്മ നീരജിനെ തന്റെ മകനെപ്പോലെയാണ് കാണുന്നതെന്നും രാം കിഷന്‍ പറഞ്ഞു. നീരജിന്റെ അമ്മാവന്‍ ഭീം ചോപ്രയും ഇക്കാര്യത്തില്‍ പ്രതികരണവുമായെത്തിയിട്ടുണ്ട്. നീരജ് മെഡല്‍ നേടിയപ്പോള്‍ രാജ്യം മുഴുവന്‍ അറിഞ്ഞതുപോലെ നീരജ് വിവാഹം കഴിക്കുമ്പോഴും രാജ്യം മുഴുവന്‍ അറിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *