യുക്രെയ്‌ന്റെ കടന്നുകയറ്റം പുട്ടിന് പ്രതിസന്ധി സൃഷ്ടിച്ചെന്ന് ജോ ബൈഡൻ; ലക്ഷ്യമെന്തെന്ന് വ്യക്തമല്ലെന്ന് വൈറ്റ് ഹൗസ്

റഷ്യയിലേക്കുള്ള യുക്രെയ്‌ന്റെ സൈനിക കടന്നുകയറ്റം റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിന് യഥാർഥ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്‌ന്റെ നീക്കങ്ങൾ സംബന്ധിച്ച് യുഎസ് അധികൃതർ അവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറു മുതൽ എട്ടു ദിവസമായി യുക്രെയ്‌ന്റെ നടപടിയെക്കുറിച്ച് നാലോ അഞ്ചോ മണിക്കൂർ ഇടവിട്ട് തനിക്ക് വിവരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ബൈഡൻ പറഞ്ഞു. ഓഗസ്റ്റ് 6 ന് പുലർച്ചെയാണ് ആയിരത്തോളം യുക്രെയ്ൻ സൈനികർ ടാങ്കുകളും കവചിത വാഹനങ്ങളുമായി റഷ്യൻ അതിർത്തി കടന്ന് കുർസ്‌ക് മേഖലയിൽ തമ്പടിച്ചത്.

റഷ്യയുടെ കുർസ്‌ക് മേഖലയിലേക്ക് യുക്രെയ്ൻ സൈന്യം കടന്നുകയറുന്നതു സംബന്ധിച്ച് യുഎസിന് മുൻകൂട്ടി അറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ പിയറി. റഷ്യൻ മേഖലയിലേക്ക് കടന്നുകയറുന്നതിലൂടെ എന്താണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തത വരുത്താൻ യുക്രെയ്‌നോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രെയ്‌ന്റെ സൈനിക നീക്കത്തിൽ യുഎസിന് പങ്കില്ലെന്നും കരീൻ ജീൻ പിയറി വ്യക്തമാക്കി.

അതേസമയം, റഷ്യൻ മണ്ണിലേക്കു നടത്തിയ കടന്നുകയറ്റത്തിലൂടെ, തിരിച്ചടിക്കാൻ പ്രാപ്തരാണെന്ന് യുക്രെയ്ൻ വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *