ജല പുനഃരുപയോഗത്തിൽ മാതൃകയായി ഖത്തർ; 2030ഓടെ മുഴുവൻ ജലവും പുനഃരുപയോഗിക്കും

ജല പുനഃരുപയോഗത്തിൽ മാതൃകയായി ഖത്തർ. ഈ വർഷം ജൂണിൽ 13.1 മില്യൺ ക്യൂബിക് മീറ്റർ ജലമാണ് ഉപയോഗപ്പെടുത്തിയത്. 2030ഓടെ മുഴുവൻ ജലവും പുനഃരുപയോഗിക്കുകയാണ് ഖത്തറിന്റെ ലക്ഷ്യം. ജലം പാഴായിപ്പോകാതെ പരമാവധി ഉപയോഗപ്പെടുത്തുക എന്ന നയത്തിന്റെ ഭാഗമായാണ് മലിന ജലം പുനരുപയോഗിക്കാൻ പദ്ധതി തയ്യാറാക്കിയത്.

കൃഷിയിടങ്ങൾ, പാർക്കുകൾ തുടങ്ങിയിടങ്ങളിൽ നനയ്ക്കുന്നതിനായാണ് ഈ വെള്ളം പ്രധാനമായും ഉപയോഗിക്കുന്നത്. ജൂൺ മാസത്തിൽ മാത്രം 13.1 മില്യൺ ക്യുബിക് മീറ്റർ വെള്ളമാണ് ഇങ്ങനെ ശുദ്ധീകരിച്ച് ഉപയോഗിച്ചത്. മുൻ വർഷത്തേക്കാൾ 11 ശതമാനം കൂടുതലാണിത്. 2 കോടി 37 ലക്ഷം ക്യുബിക് മീറ്ററിലധികം മലിന ജലം വിവിധ പ്ലാന്റുകൾ വഴി ജൂൺ മാസത്തിൽ മാത്രം ശുദ്ധീകരിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.

പ്രതിവർഷം 22.5 ക്യുബിക് മീറ്റർ വെള്ളം വരെ ശുദ്ധീകരിക്കാൻ ശേഷിയുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റ് ദോഹയിലുണ്ട്. ഇതോടൊപ്പം തന്നെ ഭൂഗർഭ ജലത്തിന്റെ ഉപയോഗത്തിലും ഖത്തർ കാര്യമായ കുറവു വരുത്തിയിട്ടുണ്ട്. ഭൂഗർഭ ജല ചൂഷണം 60 ശതമാനം കുറച്ച് സമുദ്രജലം ശുദ്ധീകരിച്ചാണ് വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. കൂടുതൽ സുസ്ഥിരമായ സ്രോതസെന്ന നിലയിലാണ് സമുദ്രജലത്തെ കൂടുതൽ ആശ്രയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *