‘അടിയന്തരാവസ്ഥ കാലഘട്ടം മുതൽ ജനസംഖ്യാ നിയന്ത്രണത്തിൽ ശ്രദ്ധിച്ചില്ല’; രാജ്യത്തെ ബാധിക്കുമെന്ന് നാരായണ മൂർത്തി

ഇന്ത്യക്കാർ അടിയന്തരാവസ്ഥ കാലഘട്ടം മുതൽ ജനസംഖ്യാ നിയന്ത്രണത്തിൽ കാര്യമായി ശ്രദ്ധിച്ചിരുന്നില്ലെന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ.നാരായണ മൂർത്തി. യുപിയിലെ പ്രയാഗ്രാജിൽ മോട്ടിലാൽ നെഹ്‌റു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആരോഗ്യ സംവിധാനങ്ങൾ, ഭൂമി ലഭ്യത തുടങ്ങി ജനസംഖ്യാ വർധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഇന്ത്യ അഭിമുഖീകരിക്കുകയാണ്. അടിയന്തരാവസ്ഥ കാലഘട്ടം മുതൽ ഇന്ത്യക്കാർ ജനസംഖ്യാ നിയന്ത്രണത്തിൽ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഇതു രാജ്യത്തിന്റെ സുസ്ഥിരതയെ ബാധിക്കും. യുഎസ്, ബ്രസീൽ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന പ്രതിശീർഷ ഭൂമി ലഭ്യതയുണ്ട്.

രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമായ സംഭാവനകൾ നൽകുക എന്നതാണ് യഥാർഥ പ്രഫഷനലുകളുടെ ഉത്തരവാദിത്തം. ഉയർന്ന അഭിലാഷങ്ങൾ, വലിയ സ്വപ്നങ്ങൾ, അതിനായി കഠിനാധ്വാനം ചെയ്യുക എന്നതൊക്കെ ഈ സംഭാവനയെ ആശ്രയിച്ചിരിക്കും. അടുത്ത തലമുറയുടെ ജീവിതം മെച്ചപ്പെട്ടതാക്കാൻ ഒരു തലമുറ ത്യാഗം സഹിക്കേണ്ടിയിരിക്കുന്നു’ അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *