ബാബുരാജിനും ശ്രീകുമാർ മേനോനുമെതിരായ ആരോപണത്തിലുറച്ച് ജൂനിയര്‍ ആര്‍ടിസ്റ്റ്

 നടൻ ബാബുരാജിനെതിരെയും സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും ആരോപണം ഉന്നയിച്ച  ജൂനിയർ ആർടിസ്റ്റ് ഇ മെയിൽ വഴി പൊലീസിന് പരാതി നൽകി. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർ നടിയെ ഫോണിൽ ബന്ധപെട്ടു. നിലവിൽ കേരളത്തിന്‌ പുറത്താണ്. നാട്ടിലെത്തി ഉടൻ മൊഴി നൽകും. ഗൂഢാലോചന എന്ന ബാബുരാജിന്‍റെ  വാദം അവര്‍ തള്ളി. ആരുടേയും സമ്മര്‍ദ്ദത്തില്‍ അല്ല പരാതി നല്‍കിയതെന്നും ഇവര്‍ വ്യക്തമാക്കി.

മലയാള സിനിമാ താരങ്ങൾക്കെതിരെ ഒന്നിന് പിന്നാലെ ഒന്നായി ആരോപണങ്ങൾ വരുന്നത് താരസംഘടന അമ്മയക്ക് വലിയ തലവേദനയാകുകയാണ്. ഇന്നത്തെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചെങ്കിലും എന്നു ചേരുമെന്നതിൽ വ്യക്തത വന്നിട്ടില്ല. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ധിഖ് ഒഴിഞ്ഞെങ്കിലും പകരം താൽക്കാലിക ചുമതല നൽകാൻ ധാരണയായ ബാബുരാജിനെതിരെയും ആരോപണം വന്നത് അമ്മയെ കുഴയ്ക്കുന്നു. 

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്  ഇനി ആരെ പരിഗണിക്കുമെന്നതിൽ തീരുമാനമെടുക്കാനാകുന്നില്ല. പകരം ചുമതല നൽകുന്നആൾക്കെതിരെയും ആരോപണം വന്നാൽ എന്തു ചെയ്യുമെന്നതിലും സംഘടനയ്ക്ക് ആശങ്കയുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സംഘടനയുടെ ഭാരവാഹികൾക്കിടയിലെ ഭിന്നതയും മറ നീക്കി പുറത്തു വന്നതോടെ അടിമുടി ഉലഞ്ഞിരിക്കുകയാണ് താരസംഘടന.

Leave a Reply

Your email address will not be published. Required fields are marked *