പുതുതായി നിർമിച്ച പാലത്തിൽ കുഴി രൂപപ്പെട്ടു , ഗതാഗതം പൂർണമായും നിർത്തി ; സംഭവം ബിഹാറിൽ

ബിഹാറിൽ ദേശീയ പാതയിൽ പുതുതായി നിർമ്മിച്ച പാലത്തിൽ കുഴി. വൈശാലി ജില്ലയിലാണ് സംഭവം. എൻഎച്ച് 31 ലെ മേൽപ്പാലത്തിലാണ് കുഴി രൂപപ്പെട്ടത്. പാലം നിർമ്മിച്ചിട്ട് അധിക കാലമായില്ലെന്നാണ് റിപ്പോർട്ട്. ചപ്രയേയും ഹാജിപൂരിനേയും ബന്ധിപ്പിക്കുന്ന പാലത്തിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. കുഴി കണ്ടെത്തിയതിന് പിന്നാലെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിർത്തലാക്കി. നിർമ്മാണത്തിന് ഉപയോഗിച്ച കമ്പി അടക്കമുള്ളവ പുറത്ത് കാണുന്ന രീതിയിലുള്ള കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

തിങ്കളാഴ്ചയാണ് പാലത്തിൽ വലിയ കുഴി രൂപപ്പെട്ടത്. റോഡിന് നടുവിലായാണ് കുഴിയെന്നാണ് ആർജെഡി എംഎൽഎ മുകേഷ് റോഷൻ വിശദമാക്കുന്നത്. ആറ് മാസം മുൻപാണ് ഈ പാലം പ്രവർത്തന സജ്ജമായതെന്നാണ് എംഎൽഎ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. എന്നാൽ പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞിരുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ ഏതാനും മാസങ്ങളിലായി 20ഓളം പാലങ്ങളാണ് സംസ്ഥാനത്ത് തകർന്നിട്ടുള്ളത്.

ബീഹാറിലെ ഗംഗാ നദിക്ക് കുറുകെ നിർമ്മാണത്തിലിരിക്കുന്ന അഗുവാനി-സുൽത്താൻഗഞ്ച് പാലത്തിൻ്റെ ഒരു ഭാഗം നേരത്തെ തകർന്നിരുന്നു. മൂന്നാം തവണയാണ് ഇതേ പാലം തകർന്നത്. 2023 ജൂൺ 5നും 2022 ഏപ്രിൽ ഒമ്പതിനും പാലത്തിന്റെ ഒരുഭാ​ഗം തകർന്നിരുന്നു. പതിനൊന്ന് വർഷമായി നിർമിക്കുന്ന പാലമാണ് തകർന്നത്. 1710 കോടി രൂപ ചെലവാക്കിയാണ് പാലം നിർമാണം പുരോ​ഗമിച്ചിരുന്നത്. നേരത്തെ കനത്ത വെള്ളപ്പൊക്കത്തിൽ അരാരിയ ജില്ലയിലെ ഫോർബ്സ്ഗഞ്ച് ബ്ലോക്കിലെ അംഹാര ഗ്രാമത്തിലെ പർമൻ നദിയിലെ പാലവും തകർന്നിരുന്നു.

സംസ്ഥാനത്ത് ഒന്നിലധികം പാലങ്ങൾ തകർന്ന സംഭവങ്ങളിൽ സുപ്രീം കോടതി ഇടപെട്ടിരുന്നു. നിർമ്മാണത്തിലിരിക്കുന്നതുമായ എല്ലാ പാലങ്ങളുടെയും ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ബ്രജേഷ് സിംഗ് സമർപ്പിച്ച ഹർജിയിലായിരുന്നു ഇത്. 

Leave a Reply

Your email address will not be published. Required fields are marked *