സെക്രട്ടറിയേറ്റ് മാർച്ചിലെ മർദനത്തിൽ കന്‍റോൺമെന്റ് എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരത്ത് നടന്ന സെക്രട്ടറിയേറ്റ് മാർച്ചിലെ മർദനത്തിൽ കന്‍റോൺമെന്റ് എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രം​ഗത്ത്. എസ്ഐ ജിജു കുമാറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയാണ് ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിരിക്കുന്നത്. യാതൊരു വിധ പ്രകോപനവും കൂടാതെ വളഞ്ഞിട്ട് ആക്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അബിൻ വർക്കി വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിനെതിരെ പോലീസ് കേസെടുത്തിരുന്നു. സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കികൊണ്ടാണ് കേസെടുത്തിരിക്കുന്നത്. അബിൻ വർക്കിയെയും കേസിൽ പ്രതിചേർത്തു. ലഹളയുണ്ടാക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 261 യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *