കുവൈത്തിൽ ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാത്തവർക്ക് ഗവൺമെന്റ് സേവനങ്ങൾ നിർത്തിവെക്കും

ബയോമെട്രിക് വിരലടയാളം സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാത്ത സ്വദേശികൾക്കും വിദേശികൾക്കുമുള്ള സർക്കാർ സേവനങ്ങൾ നിർത്തിവയ്ക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പ്രവാസികളുടെ ബയോമെട്രിക്‌സ് പൂർത്തിയാക്കാനുള്ള അവസാന തീയതി ഡിസംബർ 31 ആണ്. രജിസ്റ്റർ ചെയ്യാൻ ബാക്കിയുള്ളവർ സമയ പരിധിക്കുള്ളിൽ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കണം. കുവൈത്ത് പൗരന്മാർക്ക് 2024 സെപ്റ്റംബർ 30 വരെയാണ് സമയപരിധി. നിലവിൽ എട്ട് ലക്ഷം പ്രവാസികളും, ഒന്നേ മുക്കാൽ ലക്ഷം കുവൈത്തികളും ബയോമെട്രിക്‌സ് പൂർത്തിയാക്കാൻ ബാക്കിയുണ്ട്.

രജിസ്റ്റർ ചെയ്യാത്ത സ്വദേശികളുടെ ബാങ്ക് ഇടപാടുകൾ നിയന്ത്രിക്കുന്നത് അടക്കമുള്ള നടപടികളും സർക്കാർ പരിഗണിക്കുന്നുണ്ട്. പൗരന്മാരുടെ സുരക്ഷ ലക്ഷ്യമിട്ടാണ് അധികൃതർ നിർബന്ധിത ബയോമെട്രിക് ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാജ്യത്തെ ബയോമെട്രിക് സെന്ററുകളുടെ പ്രവർത്തന സമയം ആഭ്യന്തര മന്ത്രാലയം നീട്ടിയിരുന്നു. ഇതോടെ സെന്ററുകൾ ആഴ്ചയിലുടനീളം രാവിലെ 8:00 മണി മുതൽ രാത്രി 10:00 വരെ പ്രവർത്തിക്കും. അതിനിടെ ബയോമെട്രിക് വിരലടയാളം നൽകാത്തത് യാത്രാ അവകാശത്തെ ബാധിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. യാത്രാ നിയന്ത്രണങ്ങൾ പബ്ലിക് പ്രോസിക്യൂഷന് മാത്രമേ ചുമത്താനാകൂവെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *