രാഹുൽ ഗാന്ധിക്ക് ബി.ജെ.പി നേതാവിന്റെ വധഭീഷണി

യു.എസിലെ സിഖ് സമുദായത്തെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ ബി.ജെ.പിയുടെ വിമർശനത്തിനിരയായ മുതിർന്ന കോൺഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്ക് വധഭീഷണിയുമായി ബി.ജെ.പി നേതാവും മുൻ എം.എൽ.എയുമായ തർവീന്ദർ സിങ് മർവ. ഇന്നലെ ഡൽഹിയിലെ സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നിലായിരുന്നു ബി.ജെ.പി നേതാവ് വിവാദ പരാമർശം നടത്തിയത്. ‘രാഹുൽ ഗാന്ധി, നിങ്ങൾ നന്നായി പെരുമാറണം, അല്ലാത്തപക്ഷം, വരും കാലങ്ങളിൽ നിങ്ങളുടെ മുത്തശ്ശിയുടെ അതേ വിധി നിങ്ങൾ നേരിടേണ്ടിവരും’. എന്നായിരുന്നു തർവീന്ദർ പ്രസംഗിച്ചത്.

രാഹുലിന്റെ മുത്തശ്ശിയും മുൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര ഗാന്ധിയുടെ വധം ഓർമ്മപ്പെടുത്തിയായിരുന്നു പ്രസംഗം. അതേസമയം വിവാദ പ്രസംഗത്തിനെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ബി.ജെ.പി നേതാവ് രാഹുൽ ഗാന്ധിയെ ഭീഷണിപ്പെടുത്തുന്ന വിഡിയോ കോൺഗ്രസ് എക്സിൽ ഷെയർ ചെയ്തിട്ടുമുണ്ട്.

ദിവസങ്ങൾക്ക് മുമ്പ്, മൂന്ന് ദിവസത്തെ യു.എസ് സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി രാജ്യത്ത് വർദ്ധിച്ചുവരുന്ന മതപരമായ അസഹിഷ്ണുതയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നേരത്തേ, ഡൽഹിയിലെ കോൺഗ്രസ് നേതാവും എം.എൽ.എയുമായിരുന്ന ​തർവീന്ദർ സിംഗ് മർവ 2022ൽ പാർട്ടി മാറി ബി.ജെ.പിയിൽ ചേരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *