ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സിദ്ദിഖ് കാപ്പന്‍ സുപ്രീംകോടതിയില്‍

ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ സുപ്രീംകോടതിയെ സമീപിച്ചു. എല്ലാ തിങ്കളാഴ്ചയും ഉത്തര്‍പ്രദേശിലെ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പുവെയ്ക്കണമെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയാണ് സിദ്ദിഖ് കാപ്പന്‍ സുപ്രീം കോടതിയെ സമീപിച്ചത്. പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്നും സിദ്ദിഖ് കാപ്പന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആര്‍ മഹാദേവന്‍ എന്നിവര്‍ അടങ്ങിയ രണ്ടംഗ ബെഞ്ച് നിര്‍ദേശം നല്‍കി. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ പത്തൊന്‍പതുകാരിയായ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കാപ്പനെതിരെ യുഎപിഎ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയിരുന്നു. രണ്ടരവര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം 2022 സെപ്റ്റംബറില്‍ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

എല്ലാ തിങ്കളാഴ്ചയും പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നതിന് പുറമേ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത്, കേസുമായി ബന്ധപ്പെട്ട ആരുമായി ബന്ധപ്പെടരുത്, പാസ് പോര്‍ട്ട് നല്‍കണം തുടങ്ങിയ വ്യവസ്ഥകളായിരുന്നു സുപ്രീംകോടതി മുന്നോട്ടുവെച്ചത്. ആദ്യത്തെ ആറാഴ്ചയ്ക്ക് ശേഷം കേരളത്തിലേക്ക് പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കിയെങ്കിലും തിങ്കളാഴ്ച പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പുവെയ്ക്കണമെന്ന വ്യവസ്ഥ തുടര്‍ന്നു. ഇതില്‍ ഇളവ് തേടിയാണ് കാപ്പന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *