ഇന്ത്യക്ക് രാഷ്ട്രപിതാവില്ലെന്ന് കങ്കണ; അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത് ഒരു ശീലമാക്കി മാറ്റിയിരിക്കുകയാണെന്ന് ബിജെപി നേതാവ്

ബി.ജെ.പി. എം.പി.യും നടിയുമായ കങ്കണ റണൗട്ട് ഗാന്ധിജയന്തിദിനത്തിൽ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റ് വിവാദത്തിൽ. രാജ്യത്തിന് രാഷ്ട്രപിതാവ് ഇല്ലെന്നും ഭാരതമാതാവിന്റെ പുത്രന്മാരേയുള്ളു എന്നുമുള്ള കങ്കണയുടെ അഭിപ്രായമാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ഇതിന് മറുപടിയുമായി മുതിർന്ന ബി.ജെ.പി. നേതാക്കൾ അടക്കമുള്ളവർ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ 120-ാം ജന്മവാർഷിക ആശംസ നേരുന്ന കങ്കണയുടെ ഇൻസ്റ്റഗ്രാം ‘സ്റ്റോറി’യിൽ ശാസ്ത്രിയുടെ ചിത്രത്തിനൊപ്പം ‘രാജ്യത്തിന് പിതാക്കന്മാരില്ല; പുത്രന്മാരുണ്ട്. ഭാരതമാതാവിന്റെ ഈ പുത്രന്മാർ അനുഗൃഹീതരാണ്’ എന്നാണ് കങ്കണ കുറിച്ചത്. മാത്രമല്ല, ഗാന്ധിജിയുടെ ശുചിത്വഭാരതം എന്ന ആശയം മുന്നോട്ട് കൊണ്ടുപോയത് പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്നും കങ്കണ പറഞ്ഞു.

ഇതിനുപിന്നാലെയാണ് കങ്കണയ്ക്ക് ശക്തമായ ഭാഷയിൽ മറുപടിയുമായി ബി.ജെ.പി. നേതാക്കളടക്കം രംഗത്തെത്തിയത്. രാഷ്ട്രീയത്തിൽ കാലെടുത്തുവെച്ച ചുരുങ്ങിയ കാലയളവിൽത്തന്നെ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത് ഒരു ശീലമാക്കി മാറ്റിയിരിക്കുകയാണ് കങ്കണയെന്ന് പഞ്ചാബിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി. നേതാവ് മനോരഞ്ജൻ കാലിയ കുറ്റപ്പെടുത്തി.

ഗാന്ധിജിയെക്കുറിച്ച് കങ്കണ നടത്തിയ പരാമർശത്തെ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയം അവരുടെ മേഖലയല്ല. രാഷ്ട്രീയം കുറച്ചുകൂടി ഗൗരവമുള്ള കാര്യമാണ്. അവിടെ ചിന്തിച്ച് മാത്രമേ സംസാരിക്കാവൂ. കങ്കണയുടെ അനാവശ്യ വിവാദങ്ങൾ പാർട്ടിക്ക് വലിയ തോതിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും മനോരഞ്ജൻ കാലിയ പറഞ്ഞു.

നേരത്തെ കങ്കണയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനേത്തും രംഗത്തെത്തിയിരുന്നു. ഗോഡ്സേയുടെ സ്തുതിപാടകരാണ് ഗാന്ധിജിക്കും ശാസ്ത്രിജിക്കും ഇടയിലുള്ള അന്തരത്തെക്കുറിച്ച് സംസാരിക്കുന്നത്. നരേന്ദ്രമോദി ഇത് സഹിക്കുമോ? ഇന്ത്യക്കൊരു രാഷ്ട്രപിതാവുണ്ട്, രാജ്യത്തിന്റെ പുത്രന്മാരും രക്തസാക്ഷികളുമുണ്ട്. അവരെല്ലാവരും ബഹുമാനം അർഹിക്കുന്നു, സുപ്രിയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *