ഇലോൺ മസ്കിന്റെ സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിന് ഡയറക്ട്-ടു-സെല്‍ സേവനങ്ങള്‍ നല്കാന് യുഎസിലെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്റെ അനുമതി ലഭിച്ചു. അമേരിക്കയിലെ മുന്‍നിര ടെലികോം കമ്പനിയായ ടി-മൊബൈലുമായി ചേര്‍ന്നാണ് സ്റ്റാര്‍ലിങ്ക് ഡയറക്ട്-ടു-സെല്‍ കവറേജ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുക.
ഹെലെന് കൊടുങ്കാറ്റ് നാശം വിതച്ച നോര്‍ത്ത് കരൊലിനയില്‍ സേവനം എത്തിക്കാനാണ് എഫ്സിസി സ്റ്റാര്‍ലിങ്കിന് അനുമതി നല്‍കിയത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് മേഖലയിലെ ടെലികോം നെറ്റ് വര്‍ക്കുകള്‍ തകരാറിലായിരുന്നു. അതുകൊണ്ടു തന്നെ ഈ സാഹചര്യത്തില്‍ നല്കിയ പ്രത്യേക അനുമതി മാത്രമാണിത്. നോര്‍ത്ത് കരൊലിനയിലെ 74 ശതമാനം ടവറുകളും കൊടുങ്കാറ്റില്‍ തകരാറിലായതായാണ് സ്റ്റാര്‍ലിങ്ക് പറയുന്നത്. അടിയന്തര സന്ദേശങ്ങള്‍ ഫോണിലെത്തിക്കുന്നതിനായി നോര്‍ത്ത് കരൊലിനയിലെ എല്ലാ നെറ്റ് വര്‍ക്കിലും സാറ്റലൈറ്റ് കണക്ടിവിറ്റി ഇതിനകം ലഭ്യമാക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് മൊബൈല്‍ കണക്ടിവിറ്റി എത്തിക്കാൻ കഴിയ്യുന്നതോടെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നേരിട്ട് മൊബൈല്‍ ഫോണില്‍ നിന്ന് ഫോണ്‍ വിളിക്കാനും സന്ദേശങ്ങള്‍ അയക്കാനും സാധിക്കും. മൊബൈല്‍ ടവറുകളുടേയും മറ്റും ആവശ്യം ഇവർക്ക് വരില്ല.