വനിതാ ടി20 ലോകകപ്പ്; ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം; എതിരാളി ശ്രീലങ്ക

വനിതാ ടി 20 ലോകകപ്പിൽ ഇന്ന് ഇന്ത്യയ്ക്ക് നിര്‍ണായകം. ശ്രീലങ്കയാണ് ഇന്ന് ഇന്ത്യൻ പെൺപടയുടെ എതിരാളികൾ. ലോകകപ്പില്‍ രണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. അതുകൊണ്ടു തന്നെ ലങ്കയ്ക്കെതിരെ വലിയ വ്യത്യാസത്തില്‍ ജയിച്ചാല്‍ മാത്രമെ ഇന്ത്യയ്ക്ക് സെമി സാധ്യത നിലനിര്‍ത്താനാകൂ. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ രാത്രി 6 മണിക്കാണ് മത്സരം.

ആദ്യമത്സരത്തില്‍ ന്യൂസിലന്‍ഡിനോട് കീഴടങ്ങിയ ഇന്ത്യൻ സംഘം പാകിസ്ഥാനെ ആറ് വിക്കറ്റിന് വീഴ്ത്തിയാണ് ടൂര്‍ണമെന്റിലേക്ക് തിരിച്ചുവന്നത്. അതേസമയം, പാകിസ്ഥാനുമായുള്ള കളിക്കിടെ പരിക്കേറ്റ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ഇന്ന് കളിച്ചേക്കുമെന്നാണ് സൂചന.

അതിനിടെ കളിച്ച രണ്ട് കളിയും തോറ്റ ശ്രീലങ്ക അവസാന സ്ഥാനത്താണ്. ലങ്കയുടെ സെമി പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചുകഴിഞ്ഞു. ലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച റെക്കോഡാണുള്ളത്. 19 കളിയില്‍ ജയിച്ചപ്പോള്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് തോല്‍വി നേരിട്ടത്. മലയാളി താരങ്ങളായ ആശ ശോഭനയും സജനയും ഇന്ന് കളിച്ചേക്കും.

അതേസമയം, ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയും സ്‌കോട്ലന്‍ഡും ഏറ്റുമുട്ടും. അവസാനകളിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. യുഎഇ സമയം ഉച്ചകഴിഞ്ഞ് 2 മണിക്ക് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം.

Leave a Reply

Your email address will not be published. Required fields are marked *