‘എന്ത് കൊണ്ട് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തുന്നില്ല?, സി.പി.എം. ഒളിഞ്ഞും തെളിഞ്ഞും ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെ ന്യായീകരിക്കുന്നു’; എം.ടി.രമേശ്

കണ്ണൂർ എ.ഡി. എമ്മിന്റെ മരണത്തിൽ സർക്കാരും മുഖ്യമന്ത്രിയും സ്വീകരിക്കുന്നത് മനുഷ്യത്വരഹിത സമീപനമാണെന്ന് ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. ഒളിഞ്ഞും തെളിഞ്ഞും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ന്യായീകരിക്കുകയാണ് സി.പി.എം ചെയ്യുന്നത്. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം.ടി രമേശ്.

ഉന്നത സർക്കാർ ഉദ്യോഗസ്ഥന് നേരിടേണ്ടി വന്ന വിധിയെ കുറിച്ച് മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. പി.പി.ദിവ്യക്കെതിരേ എന്ത് കൊണ്ട് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തുന്നില്ലെന്നും എന്തുകൊണ്ടാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ മാറ്റാത്തതെന്നും രമേശ് ചോദിച്ചു.

സി.പി.എം. കണ്ണൂർ ജില്ല നേതൃത്വത്തിന്റേത് അഴകൊഴമ്പൻ പ്രസ്താവനയാണ്. സൈബർ സഖാക്കളെ ഉപയോഗിച്ച് എ.ഡി.എമ്മിനേയും കുടുംബത്തെയും തേജോവധം ചെയ്യുന്നു. പെട്രോൾ പമ്പ് അനുവദിക്കുന്നതിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് എന്താണ് റോളെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ ശുപാർശയാണ് ഏറ്റവും വലിയ അഴിമതിയെന്നും അദ്ദേഹം അരോപിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഇക്കാര്യത്തിലുള്ള താത്പര്യം എന്തെന്ന് വ്യക്തമാക്കണം. ആരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്വന്തം താത്പര്യത്തിനനുസരിച്ചല്ല ഇടപ്പെട്ടത്. സി.പി.എം.കണ്ണൂർ ജില്ല നേതൃത്വത്തിന് വേണ്ടിയാണ്. ദിവ്യക്കെതിരേ കേസെടുക്കാതിരിക്കുമ്പോൾ സർക്കാർ അവർക്കൊപ്പമാണ് എന്നത് വ്യക്തമാണെന്നും രമേശ് പറഞ്ഞു. പരാതി മുൻകൂറായി തീയതി ഇട്ട് കെട്ടിച്ചമച്ചതാണ് ഇത് മനസിലാക്കാനുള്ള സാമാന്യ ബുദ്ധി ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *