പൂരം കലക്കലിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന ബി.ജെ.പിയെ സഹായിക്കാൻ; അന്വേഷണംകൊണ്ട് കാര്യമില്ലെന്ന് ചെന്നിത്തല

തൃശ്ശൂർ പൂരം കലക്കൽ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന ബി.ജെ.പിയെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല. ആ പ്രസ്താവന വളരെ ദൗർഭാഗ്യകരമാണ്. ബി.ജെ.പിയുമായുള്ള ധാരണ ഉറപ്പിക്കലാണ് അതിലൂടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കലിനെ കുറിച്ച് നടക്കുന്ന അന്വേഷണം അട്ടിമറിക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇനി അന്വേഷണം കൊണ്ട് ഒരു കാര്യവുമില്ല. ഇക്കാര്യത്തിൽ സി.പി.ഐ നിലപാട് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു. തൃശ്ശൂർ പൂരം കലക്കി എന്ന കാര്യം ലോകം മുഴുവൻ അംഗീകരിച്ച കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട്ടെ കത്ത് വിവാദത്തേക്കുറിച്ചും രമേശ് ചെന്നിത്തല പ്രതികരിച്ചു. ‘തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി പലരെയും ആലോചിക്കും. ഇതുമായി ബന്ധപ്പെട്ടുയർന്ന വിവാദം അനാവശ്യമാണ്. കത്ത് പുറത്തു വിട്ടത് സർക്കാരിനെതിരായ ജനവികാരം മറികടക്കാനുള്ള അടവാണ്.

സ്ഥാനാർത്ഥിയെ തീരുമാനിച്ചു കഴിഞ്ഞാൽ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കും. കെ മുരളീധരൻ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.’ രമേശ് ചെന്നിത്തല വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *