കസ്റ്റഡി തെരഞ്ഞെടുപ്പായത് കൊണ്ട്: ദിവ്യ വിഐപി പ്രതിയെന്ന് വി.ഡി സതീശൻ

ദിവ്യയെ ഒളിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ നിർദ്ദേശപ്രകാരം സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ്. അഴിമതിക്കാരനായി എഡിഎമ്മിനെ താറടിക്കാനായിരുന്നു ശ്രമം. അത് മാധ്യമങ്ങൾ പൊളിച്ചു.

പ്രതിപക്ഷത്തിൻ്റെ ആരോപണം മുൻകൂർ ജാമ്യം നിഷേധിച്ച കോടതി വിധിയോടെ വ്യക്തമായി. മുൻകൂർ ജാമ്യം നിഷേധിച്ച് മണിക്കൂറുകൾക്കകം പാർട്ടി ഗ്രാമത്തിൽ നിന്നാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. ഒരു കുടുംബത്തിന് നീതി കൊടുക്കാനാകാത്ത മുഖ്യമന്ത്രി എന്തിനാണ് ആ കസേരയിൽ ഇരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഉപജാപക സംഘത്തിൻ്റെ പിടിയിലാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദിവ്യ വിഐപി പ്രതിയാണെന്നും പൊലീസ് നൽകുന്നത് സിപിഎം നിർദ്ദേശപ്രകാരമുള്ള സമ്മർദ്ദത്തിലാണ്. ഉപതെരഞ്ഞെടുപ്പായത് കൊണ്ടാണ് അറസ്റ്റ്. പയ്യന്നൂർ ആശുപത്രിയിൽ ദിവ്യയെത്തി ചികിത്സ തേടി. എന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്തില്ല. കോടതി ദിവ്യയെ അറസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞിരുന്നില്ല. സിപിഎമ്മിൻ്റെ സംരക്ഷണയിലാണ് ദിവ്യ കഴിഞ്ഞതെന്നതിൽ സംശയമേയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എംവി ഗോവിന്ദൻ അറിയാതെ ഇടയ്ക്ക് സത്യം പറയുന്നതാണ്. അദ്ദേഹത്തിനൊന്നും സിപിഎമ്മിൽ ഒരു റോളുമില്ല. മുഖ്യമന്ത്രിക്കോ എകെജി സെൻ്ററിനോ യാതൊരു നിയന്ത്രണവും പൊലീസിന് മുകളില്ല. പാർട്ടിക്കാരായ പ്രതികൾ വന്നാൽ കേരളത്തിൽ ആർക്കും നീതി കിട്ടില്ല. സ്വന്തക്കാർ എന്ത് വൃത്തികേട് ചെയ്താലും കുടപിടിക്കുമെന്നതാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *