ചികിത്സ ലഭിക്കാതെ ഒരു വയസുകാരൻ മരിച്ച സംഭവം; സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

സ്വകാര്യആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം ഒരു വയസുകാരൻ മരിച്ചതായി പരാതി. ചെങ്ങാല്ലൂർ സ്വദേശി വിനീഷിന്റെ മകൻ അദ്രീഷാണ് മരിച്ചത്. ഒല്ലൂരിലെ വിൻസന്റ് ഡി പോൾ ആശുപത്രിയിൽ പനിയെ തുടർന്ന് ചികിത്സയ്ക്കെത്തിച്ച കുഞ്ഞാണ് കഴിഞ്ഞ ദിവസം മരിച്ചത്. ശിശുരോഗ വിദഗ്ദ്ധനില്ലാതെ നഴ്സാണ് കുഞ്ഞിനെ ചികിത്സിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ചെറിയ പനിയുളള കുട്ടിയെ കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ അമ്മയാണ് ആശുപത്രിയിൽ എത്തിച്ചത്. നാലര മണി മുതൽ ഒമ്പത് മണി വരെ അദ്രീഷിന് ചികിത്സ ലഭിച്ചിരുന്നില്ലെന്നാണ് ബന്ധു മാദ്ധ്യമങ്ങളോട് പറഞ്ഞത്. കുഞ്ഞിന് ഡ്രിപ്പിടണമെന്നും എന്നാൽ ഞരമ്പ് കിട്ടുന്നില്ലെന്ന് നഴ്സ് പറഞ്ഞാതായും ബന്ധു കൂട്ടിച്ചേർത്തു. ഒമ്പത് മണിയോടെ കുട്ടിക്ക് വിറയലും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് തൃശൂരിലെ തന്നെ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ നിർദ്ദേശിക്കുകയായിരുന്നു.

തുടർന്ന് പതിനൊന്ന് മണിയോടെയാണ് കുഞ്ഞിനെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു കുഞ്ഞ് ഒടുവിൽ മരിക്കുകയായിരുന്നു. വിൻസന്റ് ഡി പോൾ ആശുപത്രിയുടെ റഫറൻസ് ലറ്ററിൽ കുഞ്ഞിന് രണ്ട് മരുന്നുകൾ കൊടുത്തതായാണ് രേഖപ്പെടുത്തിയത്. എന്നാൽ ഈ മരുന്നുകൾ കൊടുത്തിട്ടില്ലെന്ന് ജൂബിലി മിഷൻ ആശുപത്രിയിലെ കുഞ്ഞിനെ ചികിത്സിച്ച ഡോക്ടർമാ‌ർ വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.

അതേസമയം, കുടുംബത്തിന്റെ ആരോപണം തെറ്റാണെന്നാണ് വിൻസന്റ് ഡി പോൾ ആശുപത്രിയുടെ പിആർഒ ജീസൺ പ്രതികരിച്ചിരിക്കുന്നത്. ആശുപത്രിയിലെ ശിശുരോഗവിദഗ്ദ്ധനാണ് കുഞ്ഞിനെ അഡ്മിറ്റ് ചെയ്യാൻ നിർദ്ദേശം നൽകിയതെന്നും ജിസൺ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *