സമസ്തയിലെ വിവാദങ്ങള്‍ക്ക് പിന്നിൽ സിപിഎം; സമസ്തയെ ഒരിക്കലും ഇക്കാര്യത്തിൽ കുറ്റം പറയില്ല: പിഎംഎ സലാം

സമസ്തയിലെ വിവാദങ്ങള്‍ക്ക് പിന്നിൽ സിപിഎം ആണെന്നും സമസ്തയെ ഒരിക്കലും ഇക്കാര്യത്തിൽ കുറ്റം പറയില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ഏതു സംഘടനയായാലും ലീഗിനെ കുറ്റം പറഞ്ഞാൽ ഞങ്ങൾ എതിർക്കും. തെരഞ്ഞെടുപ്പ് വരുമ്പോൾ ഞാഞ്ഞൂലിനു വിഷം വെക്കും എന്ന് പറയും പോലെയാണ് ചിലർ. ചേലക്കരയിൽ സിപിഎമിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുമെന്നും പിഎംഎ സലാം പറഞ്ഞു.

ബിജെപിക്കാർ എവിടെയും ശിക്ഷിക്കപ്പെടാൻ പാടില്ലെന്നാണ് സംസ്ഥാന സർക്കാരിന്‍റെ നയം. മഞ്ചേശ്വരം കോഴ കേസിലും, കൊടകര കേസിലും ഇത് കണ്ടതാണ്. കോൺഗ്രസിൽ പലപ്പോളും അഭിപ്രായ വ്യത്യാസം ഉണ്ടാകാറുണ്ട്. എന്നാൽ, അതൊന്നും തെരെഞ്ഞെടുപ്പുകളെ ബാധിക്കില്ല. ബിജെപിയിലും സിപിഎമ്മിലും ഉള്ളത്ര പ്രശ്നം കോൺഗ്രസിൽ ഇല്ല.

പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം നടന്നഉപതെരെഞ്ഞെടുപ്പിൽ ഒക്കെ എൽ ഡി എഫ് പരാജയപ്പെട്ടു. പാലക്കാട്‌ യു ഡി എഫും ബി ജെ പി യും തമ്മിലാണ് മത്സരം. എൽ ഡി എഫ് പേരിനാണ് മത്സരിക്കുന്നത്. സ്വന്തമായി സ്ഥാനാര്‍ത്ഥിയെ പോലും നിർത്താൻ സിപിഎം തയ്യാറായില്ല. കള്ളക്കളി ആണ് പാലക്കാട്‌ സി പി എം നടത്തിയത്.

തൃശൂർ പോലെ സിപിഎം അന്തർധാര പാലക്കാടും ഉണ്ടാക്കിയിട്ടുണ്ട്. അതിനൊരു ബലിയാടിനെ കോൺഗ്രസിൽ നിന്നും കിട്ടി. ബിജെപിയെ അവരുമായുണ്ടാക്കിയ കരാർ അനുസരിച്ചു സി പി എമ്മിന് വിജയിപ്പിച്ചു കൊടുക്കണമെന്നും പിഎംഎ സലാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *