കൊവിഡ് കാലത്തെ സംഭാവനകൾ മുൻ നിർത്തി ആദരം; നരേന്ദ്ര മോദിയ്ക്ക് പരമോന്നത പുരസ്കാരം പ്രഖ്യാപിച്ച് ഡൊമിനിക്ക

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരമോന്നത പുരസ്കാരം പ്രഖ്യാപിച്ച് ഡൊമിനിക്ക. കൊവിഡ് കാലത്തെ സംഭാവനകൾ മുൻ നിർത്തിയാണ് ആദരം. കൊവിഡ് 19 പാൻഡമിക് സമയത്ത് ഡൊമിനിക്കയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾക്കും രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രയത്നത്തിനുമാണ് അം​ഗീകാരം നൽകുന്നത്.

നവംബർ 19 മുതൽ 21 വരെ ഗയാനയിലെ ജോർജ്ജ്ടൗണിൽ നടക്കുന്ന ഇന്ത്യ-കാരികോം ഉച്ചകോടിയിൽ ഡൊമിനിക്കൻ പ്രസിഡൻ്റ് സിൽവാനി ബർട്ടൺ പുരസ്കാരം മോദിയ്ക്ക് സമ്മാനിക്കും. ഡൊമനിക്ക പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.

2021-ൽ 70,000 ആസ്ട്രസെനെക്ക വാക്സിൻ ഡോസുകളാണ് ഡൊമിനിക്കയ്ക്ക് ഇന്ത്യ വിതരണം ചെയ്തത്. ഇതിലൂടെ പകർച്ചാവ്യാധി സമയത്ത് നരേന്ദ്ര മോദി നൽകിയ പിന്തുണയെ ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യ എന്നീ മേഖലയിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഡൊമിനിക്കയ്ക്കുള്ള ഇന്ത്യയുടെ പിന്തുണയേയും ആഗോള തലത്തിൽ കാലാവസ്ഥാ പ്രതിരോധം കെട്ടിപ്പടുക്കുന്നതിനുള്ള സംരംഭങ്ങളും സുസ്ഥിര വികസനവും പ്രോത്സാഹിപ്പിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ പങ്കിനെ കുറിച്ചും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

ഡൊമിനിക്കയോടും കരീബിയൻ മേഖലയോടും ഐക്യദാർഢ്യം പ്രകടിപ്പിച്ചതിനുള്ള അംഗീകാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ എന്ന് ഡൊമിനിക്കൻ പ്രധാനമന്ത്രി റൂസ്‌വെൽറ്റ് സ്‌കെറിറ്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *