യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഹവായിലെ വസതിയിലെത്തി കാമുകിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് വാരാന്ത്യ ആഘോഷം നടത്തിയ സീക്രട്ട് സർവീസ് ഏജന്റിനെതിരെ നടപടി. ബറാക് ഒബാമയുടേയും കുടുംബത്തിന്റെയും സുരക്ഷാ ചുമതലയുള്ള ഇയാളെ സർവീസിൽനിന്നു പുറത്താക്കി. അധികാര ദുർവിനിയോഗത്തിനും ദേശ സുരക്ഷ ലംഘിച്ചതിനുമാണ് നടപടി. 2022ലാണ് സുരക്ഷാ ഉദ്യോഗസ്ഥൻ കാമുകിയുമായി കടത്തീരത്തിന് അഭിമുഖമായുള്ള ഹവായിലെ വസതിയിലെത്തി ആഘോഷം നടത്തിയത്. ബറാക് ഒബാമയും കുടുംബവും ഇവിടെ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. സീക്രട്ട് ഏജന്റുമായി പിരിഞ്ഞ കാമുകിയുടെ ഓർമക്കുറിപ്പ് പുറത്തുവന്നതോടെയാണ് സംഭവം പുറത്തായത്.
‘അണ്ടർകവർ ഹാർട്ട് ബ്രേക്ക് എ മെമ്മോയർ ഓഫ് ട്രസ്റ്റ് ആൻഡ് ട്രോമ’ എന്ന പേരിൽ പുറത്തിറങ്ങിയ ഓർമക്കുറിപ്പിൽ സുരക്ഷ വീഴ്ചയെപ്പറ്റിയുള്ള വിശദാംശങ്ങൾ ഉണ്ടായിരുന്നു. മിഷേൽ ഒബാമയുടെ ശുചിമുറിയിൽ വച്ച് ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ആരും അറിയില്ലെന്നും അറിഞ്ഞാൽ തന്നെ തനിക്കായിരിക്കും നടപടി നേരിടേണ്ടി വരികയെന്ന ബോധ്യത്തിലായിരുന്നു സീക്രട്ട് ഏജന്റിന്റെ ആഘോഷമെന്നും പുസ്തക രൂപത്തിലാക്കിയ യുവതിയുടെ ഓർമക്കുറിപ്പിൽ പറയുന്നുണ്ട്. വിവരം അറിഞ്ഞതിനു പിന്നാലെ തന്നെ സീക്രട്ട് ഏജന്റിനെ സസ്പെൻഡ് ചെയ്തു. അന്വേഷണം പൂർത്തിയായ മുറയ്ക്കാണ് സർവീസിൽനിന്നു പുറത്താക്കിയത്.
വിവാഹമോചിതനാണെന്ന് പറഞ്ഞാണ് സീക്രട്ട് ഏജന്റ് യുവതിയുമായി അടുത്തത്. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. എന്നാൽ പിന്നീടാണ് സീക്രട്ട് ഏജന്റ് വിവാഹിതനാണെന്നും തന്നോട് പറഞ്ഞത് നുണയാണെന്നും യുവതി മനസ്സിലാക്കുന്നത്.