മണിപ്പൂർ – അസം അതിർത്തിയിൽ മൂന്ന് മൃതദേഹങ്ങൾ അഴുകിയ നിലയിൽ ; തീവ്രവാദികൾ തട്ടിക്കൊണ്ട് പോയവരെന്ന് സംശയം

മണിപൂർ -അസം അതിർത്തിയിൽ ഒരു കൈക്കുഞ്ഞുൾപ്പെടെ രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും അഴുകിയ നിലയിസുള്ള മൃതദേഹങ്ങൾ കണ്ടെത്തി. മണിപുരിലെ ജിരിബാമിൽ നിന്ന് ഒരു കുടുംബത്തിലെ ആറ് പേരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയിരുന്നു.സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്.മൃതദേഹങ്ങൾ ജീർണിച്ച അവസ്ഥയിലാണെന്നും തിരിച്ചറിയാനായിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കുടുംബത്തെ തട്ടിക്കൊണ്ടുപോയ പ്രദേശത്ത് നിന്നും ഏകദേശം 15 കിലോമീറ്റർ അകലെ മണിപ്പൂർ -അസം അതിർത്തിയിലുള്ള ഒരു നദിക്ക് സമീപത്തു നിന്നുമാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുള്ളത്. തട്ടിക്കൊണ്ടു പോയവരിൽ ആരുടെയെങ്കിലും മൃതദേഹമാണോയെന്ന് വ്യക്തമല്ലെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി അസമിലെ സിൽച്ചാർ മെഡിക്കൽ കേളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ കൊല്ലപ്പെട്ടവർ ആരാണെന്ന് തിരിച്ചറിയാനാകുവെന്നും മൃതദേഹങ്ങൾ തിരിച്ചറിയാനായി അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തട്ടിക്കൊണ്ടുപോകപ്പട്ടവരിൽ ഒരാളെക്കുറിച്ചും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. നേരത്തെ, കാണാതായ ആറ് പേരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജിരിബാം ജില്ലയിലെ ജിരി യുണൈറ്റഡ് കമ്മിറ്റി (ജെയുസി) ജില്ലയിൽ 48 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. വാർത്ത പുറത്ത് വന്നതോടെ ഇംഫാൽ താഴ്‌വരയിൽ വീണ്ടും പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. സംഘർഷാവസ്ഥയെതുടർന്ന് സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *