ദൗര്‍ബല്യം പരിശോധിക്കും; ചേലക്കരയിലെ പ്രചാരണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് വി.ഡി സതീശൻ

ചേലക്കര തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കലഹം. പാലക്കാടിനേക്കാള്‍ മെച്ചപ്പെട്ട പ്രചാരണം നടത്തിയിട്ടും ചേലക്കരയില്‍ തോറ്റത് സംഘടനാ ദൗര്‍ബല്യം കൊണ്ടാണെന്ന് കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തിയപ്പോള്‍ ദൗര്‍ബല്യം പരിശോധിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. തോല്‍ക്കുമെന്ന് ഉറപ്പായ സ്ഥാനാര്‍ത്ഥിയെ അടിച്ചേല്‍പ്പിച്ചെന്ന വിമര്‍ശനം ഉയ‍ർത്തി പ്രാദേശിക നേതാക്കളും രംഗത്തെത്തി. 

ചേലക്കരയിലുണ്ടായ തോൽവി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ചേലക്കരയിലെ പരാജയവും വയനാട്, പാലക്കാട് വിജയങ്ങളും പരിശോധിക്കും. നേതൃത്വമാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. നേതൃത്വത്തിനും അതുകൊണ്ട് ഉത്തരവാദിത്തമുണ്ട്.

രമ്യ ഹരിദാസ് അവിടെ എംപിയായിരുന്ന ആളാണ്. രമ്യ ജയിക്കുമെന്നായിരുന്നു കരുതിയത്. ചേലക്കരയിൽ തന്റെ കണക്ക് തെറ്റിയെന്നും എന്നാൽ പ്രചാരണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല എന്ന ക്യാംപെയ്ന്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് രണ്ട് മാസം മുമ്പേ 177 ബൂത്തുകളിലുമെത്തി നേതാക്കള്‍  നടത്തിയ പ്രവര്‍ത്തനം, മുതിര്‍ന്ന നേതാക്കള്‍ തന്നെ പഞ്ചായത്ത് ചുമതല ഏറ്റെടുത്തു.

എന്നിട്ടും തോറ്റതിന്‍റെ അമര്‍ഷമാണ് ചേലക്കര കോണ്‍ഗ്രസിന്‍റെ മണ്ഡലം വാട്സാപ്പ് ഗ്രൂപ്പില്‍ കാണുന്നത്. മൂന്ന് മാസം മുമ്പ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ജനം കൈയ്യൊഴിഞ്ഞ സ്ഥാനാര്‍ഥിയെ വീണ്ടും അതേ ജനത്തിന്‍റെ തലയില്‍ കെട്ടിവെയ്ക്കാന്‍ നോക്കിയതിന് കിട്ടിയ തിരിച്ചടിയെന്നാണ് പ്രാദേശിക നേതാക്കള്‍ പങ്കുവെയ്ക്കുന്ന വികാരം. ഉത്തരവാദിത്തം പൂര്‍ണമായും സംസ്ഥാന, ദേശീയ നേതൃത്വത്തിന് തന്നെയെന്നും അവര്‍ പറയുന്നു. എന്നാല്‍ ജില്ലയിലെ സംഘടനാ ദൗര്‍ബല്യം തിരിച്ചടിയായെന്നാണ് കെപിസിസി ഉപാധ്യക്ഷന്‍റെ വാദം. 

അതിനിടെ ജില്ലയിലെ ചില നേതാക്കള്‍ക്ക് എതിരെ കെപിസിസി നേതൃത്വത്തിന് പരാതി പോയതായും സൂചനയുണ്ട്. വരവൂര്‍, ദേശമംഗലം, വള്ളത്തോള്‍ നഗര്‍ പഞ്ചായത്തുകളില്‍ ജയിക്കാന്‍ ഒരു ശ്രമം പോലും നടത്തിയില്ലെന്നാണ് ഒന്നാമത്തെ പരാതി. തിരുവില്വാമലയില്‍ കോണ്‍ഗ്രസ് മൂന്നാമതായിപ്പോയതിനാണ് രണ്ടാമത്തേ പഴി. അതേസമയം, തൃശൂരിലെ സംഘടനാ സംവിധാനത്തിലെ പാളിച്ചകൾ മുഴുവൻ പരിഹരിക്കുമെന്നും ഒരു കൊല്ലം കൊണ്ട് തൃശൂരിലെ പഴയ നിലയിലേക്ക് കോൺ​ഗ്രസ് തിരിച്ചെത്തുമെന്നും വി.ഡി സതീശൻ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *