മുംബൈയിൽ വനിതാ പൈലറ്റിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ആൺ സുഹൃത്ത് അറസ്റ്റിൽ

മുംബൈ അന്ധേരിയിൽ വനിതാ പൈലറ്റിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് അന്ധേരിയിലെ മാറോളിൽ എയർ ഇന്ത്യ പൈലറ്റായ 25 കാരിയായ സൃഷ്ടി തുലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം. പ്രേരണാക്കുറ്റം ആരോപിച്ചാണ് ഡൽഹി സ്വദേശി ആദിത്യ പണ്ഡിറ്റിനെ (27) മുംബൈയിലെ പവായ് പൊലീസ് അറസ്റ്റ് ചെയ്തത്. സൃഷ്ടിയുടെ മരണം ആത്മഹത്യല്ല, കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. ഗോരഖ്പൂർ സ്വദേശിയാണ് സൃഷ്ടി. മാംസ ഭക്ഷണം കഴിച്ചതിന് സൃഷ്ടിയെ ആൺ സുഹൃത്ത് പരസ്യമായി അധിക്ഷേപിക്കുകയും മാംസാഹാരം കഴിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ദ ഇന്ത്യന്‍ എക്സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഈ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് കുടുംബം മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ അന്ധേരിയിലെ മാറോൾ പൊലീസ് ക്യാമ്പിന് പിന്നിലെ വാടക വീട്ടിലാണ് തുലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ ശല്യം കാരണം യുവതി മാനസികമായി തകർന്നിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ആദിത്യ പണ്ഡിറ്റ് പൈലറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നെങ്കിലും യോഗ്യത നേടിയിരുന്നില്ല. ഞായറാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സൃഷ്ടി ആദിത്യ പണ്ഡിറ്റുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നതായി കണ്ടെത്തി.

പുലർച്ചെ ഒരു മണിയോടെ പണ്ഡിറ്റ് ഡൽഹിക്ക് പോയി. താൻ ആത്മഹത്യ ചെയ്യുമെന്ന് സൃഷ്ടി ഫോണിൽ വിളിച്ച് അറിയിച്ചു. തുടർന്ന് ആദിത്യ അവളുടെ സ്ഥലത്തേക്ക് മടങ്ങിയെങ്കിലും വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തി. തുടർന്ന് വീട്ടുടമയെ വിളിച്ച് മുറി തുറന്നെങ്കിലും സൃഷ്ടിയെ ബോധരഹിതയായി കാണപ്പെട്ടു. ഉടൻ തന്നെ മാറോളിലെ സെവൻ ഹിൽസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം ആത്മഹത്യയാണെന്നാണ് സൂചന. യുവതിയുടെ ഫോൺ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *