ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസം: കേരളത്തോട് കേന്ദ്രം ശത്രുതാമനോഭാവം കാട്ടരുതെന്ന് മന്ത്രി രാജൻ

ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസ വിഷയത്തിൽ കേരളത്തോട് കേന്ദ്രം ശത്രുതാമനോഭാവം കാട്ടരുതെന്ന് റവന്യൂമന്ത്രി കെ.രാജന്‍. കേരളം നല്‍കിയ കണക്ക് തെറ്റാണെന്ന് പറയുന്ന കേന്ദ്രം എവിടെയാണ് തെറ്റെന്ന് പറയാന്‍ തയ്യാറാവണം. കേരള സര്‍ക്കാരിനോട് കേന്ദ്രം അത്തരത്തില്‍ രേഖാമൂലമുള്ള ഒരാശയവിനിമയവും നടത്തിയിട്ടില്ലെന്നും മന്ത്രി തൃശ്ശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ബംഗാളിന്റെ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീകോടതി പറഞ്ഞത്, കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് ഗാര്‍ഡിയന്‍ ഏഞ്ചലിനേപ്പോലെ പെരുമാറണമെന്നാണ്. അത്തരത്തിലുള്ള നിലപാട് കേരളത്തോടും കാണിക്കണം. ഏതെങ്കിലും കണക്ക് തെറ്റാണെന്ന് കേരളത്തില്‍ നിന്നുള്ള മന്ത്രമാരോടോ മറ്റ് പ്രതിനിധികളോടോ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതിനെല്ലാം മറുപടി കൊടുക്കാന്‍ തയ്യാറാണ്. കണക്കിലെ കളി പറയുകയല്ലാതെ എത്രയാണ് കൊടുക്കാനാവുക എന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തില്‍ കൊടുക്കേണ്ടിയിരുന്നത് നഷ്ടങ്ങളുടെ കണക്കാണ്. അത് കൃത്യമായി കൊടുത്തു. അതിന് ശേഷം നിശ്ചയിച്ചത് പ്രകാരം പി.ഡി.എന്‍.എ (പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസസ്‌മെന്റ്) അതും കൊടുത്തു. കേരള സര്‍ക്കാര്‍ കൊടുത്ത കണക്കനുസരിച്ച് ഒരു തെറ്റുമുണ്ടായതായി ഞങ്ങള്‍ക്ക് ആര്‍ക്കും മനസ്സിലായിട്ടില്ല. ആരാണ് തടസ്സം നില്‍ക്കുന്നതെന്നറിയാമെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *