കെപിസിസി അധ്യക്ഷ മാറ്റത്തിൽ ഭിന്നത; തലമുറ മാറ്റം വേണമെന്ന് പുതുതലമുറ

കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിലനിര്‍ത്താനും ഒപ്പം മാറ്റാനുമുള്ള വടംവലി പാര്‍ട്ടിയില്‍ സജീവമായി. വിഡി സതീശന്‍ വിരുദ്ധപക്ഷത്തെ നേതാക്കള്‍ സുധാകരന് പിന്തുണ പ്രഖ്യാപിച്ചു.

അതേസമയം നേതൃമാറ്റം ആവശ്യമാണെന്ന നിലപാടിലാണ് പുതുതലമുറ നേതാക്കള്‍. കെ സുധാകരന്‍ മാറേണ്ടതില്ലെന്ന് ആദ്യം പറഞ്ഞത് ശശി തരൂര്‍. തരൂരിന്‍റെ നിലപാടിലുണ്ട് രാഷ്ട്രീയക്കെണി. മാറ്റമുണ്ടെങ്കില്‍ പ്രതിപക്ഷനേതാവും മാറട്ടെയെന്നാണ് ധ്വനി.

രമേശ് ചെന്നിത്തല, കെ മുരളീധരന്‍ തുടങ്ങിയ നേതാക്കളും കെപിസിസി പ്രസി‍ഡന്‍റ് ഇപ്പോള്‍ മാറേണ്ടെന്ന നിലപാടാണ്. എല്ലാവരും വിഡി സതീശന്‍ വിരുദ്ധപക്ഷക്കാര്‍. എന്നാല്‍ സംഘടന ചലിക്കാതെ പ്രതിപക്ഷ പ്രവര്‍ത്തനം ഫലവത്താകില്ലെന്ന ഉറച്ച നിലപാടിലാണ് വിഡി സതീശന്‍.

കെപിസിസിയില്‍ അഴിച്ചുപണി വേണമെന്ന് നേരത്തെ തന്നെ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ പക്ഷേ അതേ ആവശ്യം ആവര്‍ത്തിക്കുന്നില്ല. ഒരു പൊതുതീരുമാനമായി ഉയര്‍ന്നുവരട്ടെയെന്ന് കാത്തിരിക്കുകയാണ്. 

അതേസമയം, അഴിച്ചുപണിയിലെ പൊട്ടിത്തെറി ഭയന്ന് സംഘടനയെ നിഷ്ക്രിയമാക്കി നിര്‍ത്തുന്നതിനോട് പുതുതലമുറ നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്. ആര് പുതിയ അധ്യക്ഷനായാലും തലമുറമാറ്റം വരട്ടെയെന്നാണ് നിലപാട്. കെപിസിസി ഭാരവാഹികളില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കണം.

ലോക്സഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ഉണ്ടായിരുന്ന അനുകൂല രാഷ്ട്രീയമല്ല, തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടാകുകയെന്ന് മുന്‍കൂട്ടി കാണുന്നുണ്ട് ഒരു വിഭാഗം നേതാക്കള്‍. നേതൃത്വത്തിനെതിരെ തലമുറമാറ്റത്തിന്‍റെ കാഹളം ഉയര്‍ന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിലെ ഇപ്പോഴത്തെ അന്തര്‍നീക്കങ്ങള്‍. 

Leave a Reply

Your email address will not be published. Required fields are marked *