ഒമാനില്‍ തൊഴില്‍ നിയമം ലംഘിച്ച ആയിരത്തിലേറെ പ്രവാസികള്‍ അറസ്റ്റില്‍. മസ്കറ്റ് ഗവര്‍ണറേറ്റില്‍ കഴിഞ്ഞ മാസം 1,551 പ്രവാസികളാണ് അറസ്റ്റിലായത്. തൊഴില്‍ മന്ത്രാലയം, ലേബര്‍ ഡയറക്ടറേറ്റ് ജോയിന്‍റ് ഇന്‍സ്പെക്ഷന്‍ ടീം സെക്യൂരിറ്റി ആന്‍ഡ് സേഫ്റ്റി സര്‍വീസസിന്‍റെ ഇന്‍സ്പെക്ഷന്‍ യൂണിറ്റുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്.
ജോലി ഉപേക്ഷിച്ചവരും താമസ കാലാവധി അവസാനിച്ചവരുമായ 1,270 പേര്‍ പിടിയിലായി. സ്വന്തം തൊഴിലുടമകള്‍ അല്ലാത്തവര്‍ക്കായി ജോലി ചെയ്ത 69 പേര്‍, ആവശ്യമായ ലൈസന്‍സ് ഇല്ലാതെ നിയന്ത്രിത ജോലികളില്‍ ഏര്‍പ്പെട്ട 148 പേര്‍, സ്വന്തം നിലയില്‍ ജോലി ചെയ്ത 64 പേര്‍ എന്നിവരാണ് അറസ്റ്റിലായത്. 518 തൊഴില്‍ നിയമലംഘനങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.