തെരുവുകളിൽ പ്രതിഷേധം ശക്തം; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂൻ സുക് യോലിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. 300 അംഗ പാർലമെന്റിൽ 204 അംഗങ്ങൾ ഇംപീച്ച്മെന്റിന് അനുകൂലമായി വോട്ടു ചെയ്തു. ഭരണകക്ഷി അംഗങ്ങളും പ്രസിഡന്റിനെതിരെ വോട്ടു ചെയ്തു. കഴിഞ്ഞയാഴ്ച നടന്ന ഇംപീച്ച്മെന്റ് ശ്രമത്തെ യൂൻ സുക് യോൽ അതിജീവിച്ചിരുന്നു. അന്ന് ഭരണകക്ഷി അംഗങ്ങൾ സഭാ നടപടികൾ ബഹിഷ്ക്കരിച്ചിരുന്നു. പട്ടാള നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതിനാൽ പ്രസിഡന്റിനെതിരെ തെരുവുകളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇംപീച്ച്മെന്റ്. ഡിസംബർ മൂന്നിനാണ് പ്രസിഡന്റ് യൂൻ സുക് യോൽ പട്ടാള നിയമം പ്രഖ്യാപിച്ചത്. പട്ടാളനിയമം ആറു മണിക്കൂറിനകം പിൻവലിച്ചിരുന്നു.

പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം പുലർത്തുന്നതായും സമാന്തര സർക്കാർ ഉണ്ടാക്കി ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായും ഇതിനായി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതായും ആരോപിച്ചാണ് യൂൻ പട്ടാള നിയമം പ്രഖ്യാപിച്ചിരുന്നത്. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാർലമെന്റിൽ, യൂനും പ്രതിപക്ഷാംഗങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ സ്ഥിതിഗതികൾ വഷളാക്കി. അടുത്ത വർഷത്തെ ബജറ്റിനെച്ചൊല്ലി യൂനിന്റെ പവർ പാർട്ടിയും പ്രതിപക്ഷത്തുള്ള ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ തുറന്ന പോര് നടക്കുന്നതിനിടെയാണു യൂൻ അടിയന്തര പട്ടാളനിയമം പ്രഖ്യാപിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *