രാജ്യം പത്മശ്രീ നല്‍കി ആദരിച്ച തുളസി ഗൗഡ അന്തരിച്ചു

പ്രകൃതിക്കായി ജീവിച്ച മരങ്ങളുടെയു ചെടികളുടെയും സര്‍വ്വവിജ്ഞാന കോശം എന്ന് അറിയപ്പെടുന്ന പത്മശ്രീ തുളസി ഗൗഡ അന്തരിച്ചു. പ്രായത്തിന്റെ അതിര്‍വരമ്പുകള്‍ നോക്കാതെ പ്രകൃതിയിലേക്ക് ഇറങ്ങി ചെന്നത്തിന് രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കിയ ആദരിച്ച വ്യക്തിയാണ് തുളസി ഗൗഡ.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളേത്തുടര്‍ന്ന് ഇന്നലെയായിരുന്നു അന്ത്യം. ഉത്തര കന്നഡയിലെ ഹൊന്നല്ലി സ്വദേശിയാണ് തുളസി ഗൗഡ. 2020-ലാണ് തുളസി ഗൗഡയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്. തുളസിയുടെ നിര്യാണത്തില്‍ സതീഷ് സെയില്‍ എം.എല്‍.എ, മന്ത്രി മംഗള വൈദ്യ തുടങ്ങി നിരവധിപേര്‍ അനുശോചിച്ചു.

മരങ്ങള്‍ വച്ചുപിടിപ്പിച്ചതിലൂടെയാണ് തുളസി ഗൗഡ ശ്രദ്ധയാകര്‍ഷിച്ചത്. ആറ് പതിറ്റാണ്ടിലേറെക്കാലം പരിസ്ഥിതി സംരക്ഷണത്തിനായി വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് തുളസി ഗൗഡ. ഈ കാലയളവില്‍ നാല്‍പതിനായിരത്തിലധികം വൃക്ഷത്തൈകള്‍ തുളസി നട്ടുവളര്‍ത്തി.

കാടിനെക്കുറിച്ചും വിവിധയിനം സസ്യങ്ങളെക്കുറിച്ചുമുള്ള അഗാധമായ അറിവുകള്‍ തുളസി മറ്റുള്ളവരിലേക്ക് പകര്‍ന്നുനല്‍കിയിരുന്നു. ചെടികള്‍ വളരാന്‍ എടുക്കുന്ന സമയം, ആവശ്യമായ വെള്ളത്തിന്റെ അളവ്, അനുയോജ്യമായ കാലാവസ്ഥ എന്നിങ്ങനെ എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവ് തുളസിക്കുണ്ടായിരുന്നു.

ചെടികളെക്കുറിച്ച് എന്തുചോദിച്ചാലും തുളസി ഗൗഡയ്ക്ക് മറുപടിയുണ്ടായിരുന്നു. ചെടിയുടെ വളര്‍ച്ച, ആവശ്യമായ വെള്ളത്തിന്റെയും വളത്തിന്റെയും അളവ്, ഔഷധഗുണങ്ങള്‍ എല്ലാം മനഃപാഠമാക്കിയ വ്യക്തിത്വം. ഹൊന്നാലിയില്‍ ഇന്നുകാണുന്ന മരങ്ങളെല്ലാം നട്ടുവളര്‍ത്തിയത് തുളസി ഗൗഡയാണ്.

ഉത്തര കന്നഡയിലെ ഹൊന്നല്ലി സ്വദേശിയാണ് തുളസി ഗൗഡ. 1944-ല്‍ ഹൊന്നല്ലി ഗ്രാമത്തില്‍ നാരായണ്‍-നീലി ദമ്പതികളുടെ മകളായാണ് ജനനം.

പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ കുറെമാസങ്ങളായി കിടപ്പിലായിരുന്നു. സംസ്‌കാരം അങ്കോളയിലെ ജന്മഗ്രാമത്തില്‍ നടക്കും. പരിസ്ഥിതി രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഇന്ദിര പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡും ഇവരെ തേടിയെത്തി.

Leave a Reply

Your email address will not be published. Required fields are marked *