കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എല്‍.എയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. വേദനയുണ്ടെന്നും നേര്‍ത്ത ശബ്ദത്തോടെ മക്കളോട് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം, വെന്റിലേറ്റര്‍ സഹായം തുടരാനാണ് തീരുമാനമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
“ഉമ തോമസ് നേര്‍ത്ത ശബ്ദത്തോടെ മക്കളോട് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞു. വേദനയുണ്ടെന്നും പറഞ്ഞു. വീഴ്ചയുടെ കാര്യം ഓര്‍മ്മയില്ല. സ്വന്തമായി ശ്വാസം എടുക്കുന്നുണ്ട്. കൈ കാലുകള്‍ അനക്കുന്നുണ്ട്. ഒന്നു രണ്ടു ദിവസം കൂടി വെന്റിലേറ്റര്‍ തുടരും. വെന്റിലേറ്റില്‍നിന്ന് മാറ്റി 24 മണിക്കൂര്‍ കഴിഞ്ഞാലേ അപകടാവസ്ഥ തരണം ചെയ്തതായി പറയാന്‍ സാധിക്കൂ.” മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു.
ഇന്നലെ കൈകാലുകള്‍ മാത്രം ചലിപ്പിച്ച ഉമ തോമസ് ഇന്ന് ശരീരമാകെ ചലിപ്പിച്ചുവെന്നും വെന്റിലേറ്റര്‍ പിന്തുണ കുറച്ചുവരികയാണെന്നും ഉമ തോമസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.
മൃദംഗവിഷന് ഡയറക്ടര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരേയാണ് പാലാരിവട്ടം പോലീസ് വിശ്വാസ വഞ്ചനക്ക് കേസെടുത്തിരിക്കുന്നത്. കലൂര്‍ സ്വദേശിയായ ബിജി എന്ന വീട്ടമ്മയുടെ പരാതിയിലാണ് കേസെടുത്തത്.
മൃദംഗവിഷന് ഡയറക്ടര്‍ നിഗോഷ്, ഭാര്യ, സി.ഇ.ഒ. ഷമീര്‍, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂര്‍ണിമ എന്നിവര്‍ക്കെതിരേയാണ് കേസ്. അതേസമയം, സാമ്പത്തിക ചൂഷണത്തില്‍ ഡാന്‍സ് ടീച്ചര്‍മാരെയും പ്രതിചേര്‍ത്തേക്കും. നൃത്താധ്യാപകര് വഴിയായിരുന്നു പണപ്പിരിവ് നടത്തിയിരുന്നത്. ഇടനിലക്കാര്‍ എന്ന നിലയിലാണ് ഡാന്‍സ് ടീച്ചർമാർക്കെതിരെ നടപടി എടുക്കുക. കൂടുതല്‍ പരാതികള്‍ കിട്ടിയാല്‍ അതിനനുസരിച്ച് കേസെടുത്തേക്കുമെന്നാണ് സൂചന.