‘പി.വി അൻവറിനെ കൊണ്ട് തനിക്കെതിരെ ആരോപണം ഉന്നയിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ’ ; ഇപ്പോൾ കാണുന്നത് കാലത്തിൻ്റെ കാവ്യനീതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തനിക്കെതിരെ പിവി അൻവറിനെ കൊണ്ട് ആരോപണം ഉന്നയിപ്പിച്ചത് പിണറായി വിജയനാണെന്നും കാലത്തിന്‍റെ കാവ്യ നീതിയാണ് ഇപ്പോൾ കാണുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അൻവറിന്‍റെ കാര്യത്തിൽ യുഡിഎഫ് തീരുമാനം എടുക്കണം. ഒറ്റക്ക് എടുക്കാനാകുന്ന തീരുമാനം അല്ല. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അൻവറിന്‍റെ യുഡിഎഫ് പ്രവേശനം തള്ളാതെയായിരുന്നു കണ്‍വീനര്‍ എംഎം ഹസ്സൻ്റെ പ്രതികരണം. അൻവറിന്‍റെ കാര്യത്തിൽ യുഡിഎഫ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.അൻവറിന് ആഗ്രഹമുണ്ടെങ്കിൽ ഔദ്യോഗികമായി അറിയിക്കാം അപ്പോൾ ചർച്ച ചെയ്യും. യുഡിഎഫ് യോഗം ചേരുമ്പോൾ ഏതെങ്കിലും കക്ഷി അൻവറിനെ മുന്നണിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടാൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി

അൻവറിന്‍റെ പ്രസ്താവന സ്വാഗതാർഹമെന്നും എന്നാല്‍ യുഡിഎഫിന്‍റെ ഭാഗമാകുക എന്ന് പറയുന്നതിൽ ഒരു രാഷ്ട്രീയ പ്രക്രിയയുണ്ടെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ആ പ്രക്രിയയിലൂടെ മാത്രമേ യുഡിഎഫിലേക്ക് വരാൻ സാധിക്കു. പാർട്ടിയുടെയും ഘടകകക്ഷികളുടെയും നിലപാട് അറിഞ്ഞിട്ടേ തീരുമാനം ഉണ്ടാകു. അൻവർ ഉയർത്തിയ വിഷയങ്ങൾക്ക് യുഡിഎഫ് പിന്തുണ നൽകിയിട്ടുണ്ട്.. ഒരൊറ്റ വിഷയത്തെ പ്രതിയല്ല മുന്നണിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *