‘നരഭോജി കടുവയ്ക്കായി കാടടച്ചുള്ള തെരച്ചിൽ നടക്കില്ല ‘; കൂട് സ്ഥാപിച്ചതിന് സമീപത്തായി കടുവയുണ്ടെന്ന് ആർഎഫ്ഒ രഞ്ജിത് കുമാർ

കടുവ വനം വകുപ്പിൻ്റെ നിരീക്ഷണ പരിധിയിലെന്ന് ആർഎഫ്ഒ എസ് രഞ്ജിത്ത് കുമാർ . കൂട് സ്ഥാപിച്ചതിന് സമീപത്തായി കടുവയുണ്ട് എന്ന് സ്ഥിരീകരിച്ചു. രാവിലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് രഞ്ജിത്ത് കുമാർ പറഞ്ഞു. കടുവയെ കൂട്ടിലാക്കുക എന്നതിനാണ് പ്രാഥമിക പരിഗണന. കുംകി ആനകളെ പിന്നീട് എത്തിക്കുമെന്ന് ആർഎഫ്ഒ വ്യക്തമാക്കി.

കുംകി ആനകളെ ഉപയോഗിച്ച് തിരച്ചിൽ നടത്താൻ കഴിയുന്ന ഭൂപ്രദേശമല്ല ഇതെന്ന് ആർഎഫ്ഒ രഞ്ജിത്ത് കുമാർ പറഞ്ഞു. പ്രദേശം മുളങ്കാടുകൾ ആയതാണ് വെല്ലുവിളി. ഉച്ചയോടു കൂടി വെറ്ററിനറി ടീമിന്റെ പരിശോധന നടക്കും. ഡോ.അരുൺ സക്കറിയ ഉൾപ്പെടെ ഇതിന്റെ ഭാഗമാകും. സാധാരണ നിലയിൽ നടക്കുന്ന പരിശോധന ഇവിടെ ഉണ്ടാകില്ല. കാടടച്ചുള്ള തെരച്ചിൽ നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ടീം റെഡിയാണെന്ന് എസ് രഞ്ജിത്ത് കുമാർ വ്യക്തമാക്കി. മുഴുവൻ സമയ പട്രോളിങ് നടക്കുന്നുണ്ട്. രണ്ട് ആർആർടി ടീമുകളും കൂടി എത്തുന്നുണ്ട്. നിർദേശങ്ങൾക്കനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കും. തെർമൽ ഡ്രോണിങ് നടക്കുന്നുണ്ട്. കൂടുകൾ സ്ഥാപിക്കുകയെന്നതിനാണ് പ്രാഥമിക പരി​ഗണന. മൂന്ന് കൂടുകളാണ് സ്ഥാപിക്കുക. ഡോ.അരുൺ സക്കറിയ എത്തുന്നതോടെ കൂടുതൽ നടപടികൾ സ്വീകരിക്കും. കടുവയ്ക്കായി 38 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ആറ് ലൈവ് സ്ട്രീമിംഗ് ക്യാമറകൾ കൂടി ഇന്ന് സ്ഥാപിക്കുമെന്ന് രഞ്ജിത്ത് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *