സൗദി അറേബ്യക്ക് യുറേനിയം ശേഖരമുണ്ടെന്നും അത് പ്രയോജനപ്പെടുത്താൻ ഒരു ആണവ പദ്ധതി ആലോചിക്കുന്നുവെന്നും സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ പറഞ്ഞു. ദാവോസ് വേൾഡ് ഇക്കണോമിക് ഫോറത്തിൽ സൗദി ഹൗസ് സംഘടിപ്പിച്ച ഡയലോഗ് സെഷനിലാണ് ഇക്കാര്യം പറഞ്ഞത്.ആണവോർജം ഉൽപ്പാദിപ്പിക്കുന്നതിന് രാജ്യം ഒരു ആണവ പരിപാടിക്കായി ശ്രമം തുടരുകയാണ്. യുറേനിയം കരുതൽ ശേഖരത്തിൽ നിന്ന് പ്രയോജനം നേടുന്നതിനാണിത്. ഇത് ആഗോള കരുതൽ ശേഖരത്തിന്റെ ഒരു ശതമാനം മുതൽ നാല് ശതമാനം വരെ കണക്കാക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഊർജനിർമാതാക്കളിലൊന്നാണ് സൗദി അറേബ്യ. എണ്ണ, വാതകം, വൈദ്യുതി, സൗരോർജം, ജല ഊർജം, ആണവോർജം എന്നിവയുൾപ്പെടെ വിവിധ ഊർജ ഉൽപന്നങ്ങൾ ലോകത്തേക്ക് കയറ്റുമതി ചെയ്യാൻ അത് ആഗ്രഹിക്കുന്നുവെന്നും അൽ ജുബൈർ പറഞ്ഞു. രാജ്യത്തിന് പുറത്ത് സംസ്കരണത്തിനും ശുദ്ധീകരണത്തിനും ഊർജ ഉൽപ്പാദനത്തിനുമായി ധാതുക്കൾ വേർതിരിച്ചെടുക്കുന്നതിനും വിദേശത്തേക്ക് കൊണ്ടുപോകുന്നതിനും ഖനന കമ്പനികൾ വരുന്ന ഒരു രാജ്യമാകാൻ സൗദി ആഗ്രഹിക്കുന്നില്ല. യുറേനിയം ഉയർന്ന വിലക്ക് വിൽക്കുന്ന ഇന്ധനമാക്കി മാറ്റാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. യുറേനിയത്തെ അയിരിൽ നിന്ന് ഊർജമാക്കി മാറ്റുന്ന എല്ലാ ഘട്ടങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങളിൽനിന്ന് പ്രയോജനവും ലാഭം നേടുന്നതും ഇതിലുൾപ്പെടുന്നു.
യുറേനിയം ഖനനത്തിന്റെയും സമ്പുഷ്ടീകരണത്തിന്റെയും ഫലമായുണ്ടാകുന്ന ജോലികൾ, അനുബന്ധ വ്യവസായങ്ങൾ, ലാഭം എന്നിവയിൽനിന്ന് പ്രയോജനം നേടാൻ രാജ്യം ആഗ്രഹിക്കുന്നുവെന്ന് അൽജുബൈർ പറഞ്ഞു. ആണവായുധ ഉൽപ്പാദനവുമായി യാതൊരു ബന്ധവുമില്ലാത്ത വിധത്തിൽ ഞങ്ങൾക്കിത് നേടാനാകുമെന്ന് വിശ്വസിക്കുന്നു. ഊർജം ഉൽപ്പാദിപ്പിക്കുകയും ലാഭം നേടുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യമെന്നും അൽജുബൈർ പറഞ്ഞു.