പ്രാദേശിക തലത്തിൽ ബിജെപിയുടെ വളർച്ച ചെറുക്കണം; ദിവ്യയുടെ നടപടി അനുചിതമായി, പാർട്ടിയെ പ്രതിരോധത്തിലാക്കി: സിപിഎം സമ്മേളനത്തില്‍ വിമര്‍ശനം

പൗരത്വ നിയമ ഭേദഗതി, പലസ്തീൻ തുടങ്ങിയ വിഷയങ്ങളിലെ പാർട്ടി സമീപനം ന്യൂനപക്ഷ പ്രീണനം എന്ന് തെറ്റിദ്ധരിക്കപ്പെട്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ട്‌. പ്രാദേശിക തലത്തിൽ ബിജെപിയുടെ വളർച്ച ചെറുക്കണം എന്നും പരിസ്ഥിതി വിഷയങ്ങളിൽ ഉൾപ്പെടെ ജനപക്ഷത്ത് നിന്ന് ജാഗ്രതയോടെ ഇടപെടണമെന്നും റിപ്പോർട്ടിലുണ്ട്.

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ പി.പി.ദിവ്യക്കും വിമർശനമുണ്ട്. ദിവ്യയുടെ നടപടി അനുചിതമായെന്നും പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും അഭിപ്രായമുണ്ടായി. പൊതു ചർച്ച ഇന്ന് തുടരും.

മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സമ്മേളനത്തിൽ ഉടനീളം പങ്കെടുക്കുന്നുണ്ട്. പുതിയ ജില്ലാ കമ്മിറ്റിയെ നാളെ തെരഞ്ഞെടുക്കും. എം.വി.ജയരാജൻ സെക്രട്ടറി സ്ഥാനത്ത് തുടർന്നേക്കും. മാറ്റമുണ്ടെങ്കിൽ ടി.വി.രാജേഷിന്‍റെ പേരിനാണ് മുൻതൂക്കം. 

അതേസമയം, കഴിഞ്ഞ ദിവസം തളിപ്പറമ്പിൽ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. മൂന്ന് ദിവസമായി നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മുഴുവൻ സമയവും പങ്കെടുക്കുന്നുണ്ട്. രാജ്യത്ത് സിപിഎമ്മിന് ഏറ്റവും കൂടുതൽ അംഗങ്ങളുളള കണ്ണൂരിൽ 566 പേരാണ് സമ്മേളന പ്രതിനിധികൾ.

ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട വിവാദങ്ങൾ, പി.പി.ദിവ്യക്കെതിരായ കേസും നടപടിയും, പി.ജയരാജനെതിരെ പാർട്ടി വിട്ട മനു തോമസ് ഉന്നയിച്ച ആരോപണങ്ങൾ, ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വാധീന കേന്ദ്രങ്ങളിലുണ്ടായ വോട്ടുചോർച്ച തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകുമെന്നാണ് സൂചന. 

Leave a Reply

Your email address will not be published. Required fields are marked *