ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ മുസ്‍ലിംങ്ങളും സുരക്ഷിതരായിരിക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ മതങ്ങൾക്കും സുരക്ഷിതമായ സംസ്ഥാനമായിരിക്കും യുപി. മുസ്ലിംകൾക്കും യുപി സുരക്ഷിതമായ സ്ഥലമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. യുപിയിൽ 100 ഹിന്ദുകുടുംബങ്ങൾക്കിടയിൽ കഴിയുന്ന ഒരു മുസ്‍ലിം പോലും സുരക്ഷിതനായിരിക്കും. അവർക്ക് മതപരമായ ആചാരങ്ങൾ അനുഷ്ടിക്കാൻ അവകാശമുണ്ടായിരിക്കും. എന്നാൽ, 100 മുസ്‍ലിം കുടുംബങ്ങൾക്കിടയിൽ കഴിയുന്ന 50 ഹിന്ദുക്കൾ സുരക്ഷിതാരായി ഇരിക്കുമോ?. പാകിസ്താനും ബംഗ്ലാദേശിലും അഫ്ഗാനിസ്താനിലും എന്താണ് സംഭവിച്ചതെന്നും അദ്ദേഹം ചോദിച്ചു.
2017ന് മുമ്പ് യു.പിയിൽ കലാപങ്ങളുണ്ടായിരുന്നു. ഹിന്ദുക്കളുടേയും മുസ്‍ലിംകളുടേയും കടകൾ ഒരുപോലെ കത്തിച്ചിരുന്നു. എന്നാൽ, 2017ന് ശേഷം കലാപങ്ങൾ ഇല്ലാതായെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഞാൻ ഉത്തർപ്രദേശിലെ ഒരു സാധാരണ പൗരൻ മാത്രമാണ്. എല്ലാവരുടേയും സന്തോഷമാഗ്രഹിക്കുന്ന സന്യാസിയാണ് താനെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും പ്രാചീനമായ മതമാണ് സനാതന ധർമ്മം. മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ഹിന്ദു ഭരണാധികാരികൾ സ്വന്തം ശക്തി ഉപയോഗിച്ച ഒരു സംഭവവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളുടെ സ്ഥലത്ത് പള്ളികൾ നിർമിക്കുന്നത് ഇസ്‍ലാമിക തത്വങ്ങൾ എതിരാണെന്നും അദ്ദേഹം പറഞ്ഞു.