എമിറേറ്റിലെത്തുന്ന സഞ്ചാരികൾക്ക് പരിധിയില്ലാത്ത സൗജന്യ യാത്രയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രത്യേക ഡിസ്കൗണ്ടുകളും സൗജന്യ സിം കാര്‍ഡും ലഭിക്കുന്ന ഡിജിറ്റല്‍ ട്രാവല്‍ കാര്‍ഡായ ‘അബൂദബി പാസ്’ പുറത്തിറക്കി. ലോകത്തെ ഏറ്റവും വലിയ ടൂറിസം വ്യാപാര മേളയായ ഐ.ടി.ബി ബെർലിനിൽ വെച്ചാണ് സാംസ്കാരിക, ടൂറിസം വകുപ്പും (ഡി.സി.ടി അബൂദബി) ഇത്തിഹാദ് എയർവേസും ചേർന്ന് പാസ് പുറത്തിറക്കിയത്.
ടൂറിസം സ്ട്രാറ്റജി 2030യുടെ ഭാഗമായാണ് നടപടി. നിരവധി ബുക്കിങ്ങുകള്‍ അടക്കമുള്ള കടമ്പകള്‍ എളുപ്പമാക്കാൻ പാസ് സഹായിക്കും. ഇത്തിഹാദ് യാത്രികര്‍ക്ക് അബൂദബി പാസ് ലഭിക്കുന്നതിനുള്ള വെബ്സൈറ്റില്‍ പ്രവേശിക്കുന്നതിനുള്ള ലിങ്ക് ഇ-മെയില്‍ മുഖേനയാണ് ലഭിക്കുക. ടൂറിസ്റ്റ് സിംകാര്‍ഡില്‍ 10 ജി.ബി ഇന്റര്‍നെറ്റ് ഉണ്ടാവും. 24 മണിക്കൂറും നഗരത്തിലെ പൊതുഗതാഗതം സൗജന്യമായി ഇവര്‍ക്ക് ഉപയോഗപ്പെടുത്താനാവും.
യാസ് ദ്വീപ്, ഫെരാരി വേള്‍ഡ്, വാര്‍ണര്‍ ബ്രോസ് വേള്‍ഡ്, സീ വേള്‍ഡ് യാസ് ഐലന്‍ഡ്, യാസ് വാട്ടര്‍വേള്‍ഡ് എന്നിവിടങ്ങളില്‍ അടക്കം പാസ് ഹോള്‍ഡര്‍മാര്‍ക്ക് ഡിസ്കൗണ്ടുകള്‍ ലഭിക്കും. ഖസര്‍ അല്‍ വത്ന്, ലൂറേ അബൂദബി തുടങ്ങിയ സാംസ്കാരിക കേന്ദ്രങ്ങളില്‍ 15 ശതമാനം നിരക്കിളവ് ഉണ്ടാവും. എമിറേറ്റിലെ 200ലേറെ റസ്റ്റാറന്റുകളിലും ഡിസ്കൗണ്ടുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗൈഡിന്റെ സഹായത്തോടെയുള്ള നഗരക്കാഴ്ച ആസ്വദിക്കാനും ഡെസേര്‍ട്ട് സഫാരിക്കും ഡിസ്കൗണ്ടുകളുണ്ട്.
3.93 കോടി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക, മേഖലയില്‍ 1,78,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, പ്രാദേശിക മൊത്ത ആഭ്യന്തര ഉൽപാദനത്തിന് 2030ഓടെ 90 ബില്യൺ ദിര്‍ഹം സംഭാവന ചെയ്യിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ടൂറിസം സ്ട്രാറ്റജി 2030ലൂടെ അധികൃതര്‍ നിര്‍ണയിച്ചിരിക്കുന്നത്.
2023ല്‍ അബൂദബിയുടെ ജി.ഡി.പിയിലേക്ക് 49 ബില്യൺ ദിര്‍ഹം ടൂറിസം മേഖല നല്‍കിയിട്ടുണ്ട്. 2022നെ അപേക്ഷിച്ച് 22 ശതമാനത്തിലേറെ വര്‍ധനയാണ് ഇക്കാര്യത്തിലുണ്ടായത്.