ഷെയ്ഖ് ഹസീനയുടെ മകളുടെ അപ്പാർട്ട്‌മെന്റ് കണ്ടുകെട്ടാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൾ സൈമ വസീദിന്‍റെ ഉടമസ്ഥതയിലുള്ള ഒരു അപ്പാർട്ട്‌മെന്റ് കണ്ടുകെട്ടാൻ ബംഗ്ലാദേശ് കോടതി ഉത്തരവിട്ടു. ധാക്കയിലെ ഗുൽഷൻ പ്രദേശത്തുള്ള സ്വത്ത് കൈകാര്യം ചെയ്യാൻ റിസീവറെ നിയമിക്കണമെന്ന അപേക്ഷയും കോടതി അംഗീകരിച്ചു. അഴിമതി വിരുദ്ധ കമ്മീഷന്റെ (എസിസി) ഹർജിയിലാണ് ധാക്ക മെട്രോപൊളിറ്റൻ സീനിയർ സ്പെഷ്യൽ ജഡ്ജി സാക്കിർ ഹുസൈൻ ഗാലിബ് ഉത്തരവിട്ടിരിക്കുന്നത്.

5.7 ദശലക്ഷം ബംഗ്ലാദേശി ടാക്ക വിലമതിക്കുന്ന ഫ്‌ളാറ്റ് സൈമ കൈമാറ്റം ചെയ്യാനോ വിൽക്കാനോ സാധ്യതയുണ്ടെന്നും ഇത് അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ ബാധിക്കുമെന്നുമായിരുന്നു എസിസിയുടെ ഹർജി. അന്വേഷണം പൂർത്തിയാകും മുമ്പ് ഇത്തരമൊരു കൈമാറ്റം നടന്നാൽ അത് കേസിനെ ബാധിക്കുമെന്നും എസിസി കോടതിയെ അറിയിച്ചു. 2024 ആഗസ്റ്റിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, ഹസീനയ്ക്കും കുടുംബത്തിനും അവാമി ലീഗ് അനുയായികൾക്കുമെതിരെ നിരവധി അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. പുർബച്ചലിലെ പ്ലോട്ട് വിതരണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ സൈമക്കെതിരെ ഇന്റർപോൾ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ ധാക്ക കോടതി അധികാരികൾക്ക് നിർദേശം നൽകി.

കൂടാതെ, യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ആഭ്യന്തര കലാപത്തിന് പ്രേരിപ്പിച്ചെന്നും ആരോപിക്കപ്പെടുന്ന ഹസീനയ്ക്കും മറ്റ് 11 പേർക്കും എതിരെ ‘റെഡ് നോട്ടീസ്’ പുറപ്പെടുവിക്കാൻ ബംഗ്ലാദേശ് അടുത്തിടെ ഇന്റർപോളിനോട് സഹായം തേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *