രാജ്യത്തിന്റെ അഭിമാനമായി മാറിയ അൽ മുൻദിർ ഉപഗ്രഹം സിഗ്നലുകൾ അയക്കാൻ തുടങ്ങിയതായി ബഹ്റൈൻ ബഹിരാകാശ ഏജൻസി (ബി.എസ്.എ). ഗ്രൗണ്ട് സ്റ്റേഷൻ വഴി നിരവധി സിഗ്നലുകൾ ലഭിച്ചെന്നും ഉപഗ്രഹം ഭ്രമണപഥത്തിൽ സ്ഥിരത കൈവരിച്ചതായും ബി.എസ്.എ അറിയിച്ചു.
പൂർണമായി ബഹ്റൈനിൽ നിർമിച്ച ഉപഗ്രഹമെന്ന ഖ്യാതിയാണ് അൽ മുൻദിറിന്റെ പ്രത്യേകത. ഉപഗ്രഹത്തിന്റെ കോർ സിസ്റ്റങ്ങൾ നിർദിഷ്ട സാങ്കേതിക പാരാമീറ്ററുകൾക്കുള്ളിൽ പ്രവർത്തിക്കുന്നുണ്ടെന്നും സൂചിപ്പിക്കുന്ന ഇൻകമിങ് ഡേറ്റയുമുണ്ടായിരുന്നു. ട്രാൻസ്പോർട്ടർ 13ന്റെ ഭാഗമായ ഉപഗ്രഹം കാലിഫോർണിയയിലെ അമേരിക്കൻ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നാണ് കഴിഞ്ഞ മാസം 15ന് വിജയകരമായി വിക്ഷേപിച്ചത്. സ്പേസ് എക്സിന്റെ ഫാൽക്കൺ -9 റോക്കറ്റാണ് അൽ മുൻദിറിനെ വഹിച്ച് ചരിത്രത്തിലേക്ക് കുതിച്ചുയർന്നത്.
‘അൽ മുൻദിർ’ ബഹ്റൈന് അഭിമാനകരമായൊരു പ്രധാന നേട്ടമാണെന്നും ദേശീയ ബഹിരാകാശശേഷി വികസിപ്പിക്കുന്നതിൽ പുരോഗതി പ്രകടമാക്കുന്നുണ്ടെന്നും ബി.എസ്.എ ചീഫ് എക്സിക്യൂട്ടിവ് ഡോ. മുഹമ്മദ് അൽ അസീരി പറഞ്ഞു. വിജയകരമായ പ്രാരംഭഘട്ടങ്ങൾ വൈദഗ്ധ്യമുള്ള ഒരു ടീമിന്റെ കഠിനാധ്വാനത്തെ പ്രതിഫലിപ്പിക്കുകയും കൂടുതൽ ബഹിരാകാശ പുരോഗതിക്ക് വേദിയൊരുക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഉപഗ്രഹം അതിന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച ഉടൻതന്നെ സിസ്റ്റം ആക്ടിവേഷൻ ആരംഭിച്ചതായും പവർ സിസ്റ്റം ആദ്യം ഓണാക്കുകയും അതുവഴി മറ്റ് സിസ്റ്റങ്ങൾ പ്രവർത്തിക്കാൻ പ്രാപ്തമാക്കുകയും ചെയ്തുവെന്ന് ‘അൽ മുൻദിറിന്റെ’ പ്രോജക്ട് മാനേജർ ആയിഷ അൽ ഹറം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പേലോഡ് ഉൾപ്പെടെയുള്ള നാല് സാങ്കേതിക പേലോഡുകളിലേക്ക് പോകുന്നതിനുമുമ്പ് ടീം നിലവിൽ ആശയവിനിമയം, നിയന്ത്രണം, ഓറിയന്റേഷൻ നിർണയം തുടങ്ങിയ കോർ സിസ്റ്റങ്ങൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് അവർ വ്യക്തമാക്കി. ഒരു നാനോ ഉപഗ്രഹമായ അൽ-മുൻദിറിന് ഏകദേശം 3.2 കിലോ ഭാരമുണ്ട്. ബഹിരാകാശ പരിതസ്ഥിതിയിൽ ഫലപ്രദമായി അതിന്റെ ചുമതലകൾ നിർവഹിക്കാൻ പാകത്തിലുള്ള ഡേറ്റ വിശകലനവും പ്രോസസ്സിങ് കഴിവുകളും കൊണ്ട് സവിശേഷമാണ് അൽ മുൻദിർ.