80 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണംചെയ്ത് യുഎഇ ഫുഡ് ബാങ്ക്

റംസാനിലെ യുണൈറ്റഡ് ഇൻ ഗിവിങ് സംരംഭത്തിലൂടെ യുഎഇ ഫുഡ് ബാങ്ക് 80 ലക്ഷം ഭക്ഷണപാക്കറ്റുകൾ വിതരണംചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഭാര്യയും യുഎഇ ഫുഡ് ബാങ്ക് സുപ്രീം ചെയർപേഴ്സണുമായ ശൈഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് സംരംഭം നടപ്പാക്കിയത്.
70 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനായിരുന്നു സംരംഭം ലക്ഷ്യമിട്ടത്. ഫുഡ് ബാങ്കിന്റെ കരുതൽ ഏഴുലക്ഷത്തിലേറെ കുടുംബങ്ങൾക്കും 11000-ത്തിലേറെ തൊഴിലാളികൾക്കും പ്രയോജനപ്പെട്ടു. വിദേശ രാജ്യങ്ങളിലായി 3,78,240 ഭക്ഷണപ്പൊതികൾ വിതരണംചെയ്തിട്ടുണ്ട്. ഭക്ഷ്യവിതരണത്തിനായി നെമ കമ്യൂണിറ്റി ഫ്രിഡ്ജസ്, സബീൽ ഇഫ്താർ എന്നീ സംരംഭങ്ങളുമായും സഹകരിച്ചു. രാജ്യത്തെ വിവിധ ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവയുൾപ്പെടെ പൊതു-സ്വകാര്യ മേഖലകളിൽനിന്നുള്ള 200 പങ്കാളികൾ സംരംഭത്തിന്റെ ഭാഗമായി.

ഭക്ഷണപാക്കറ്റുകൾ തയ്യാറാക്കുന്നതിലും വിതരണത്തിലും 1000-ത്തിലേറെ സന്നദ്ധപ്രവർത്തകരും പങ്കെടുത്തു. ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കാനുള്ള മികച്ച രീതികൾ പരിചയപ്പെടുത്തുന്നതിന് 48 ബോധവത്കരണ പ്രചാരണപരിപാടികൾക്കും യുഎഇ ഫുഡ് ബാങ്ക് നേതൃത്വം നൽകി. അർഹരായവർക്ക് ഉന്നത നിലവാരത്തോടുകൂടി ഭക്ഷണമെത്തിക്കാനും അതുവഴി അവരുടെ ജീവിതനിലവാരം ഉയർത്താനുമാണ് സംരംഭങ്ങൾ ലക്ഷ്യമിട്ടതെന്ന് യുഎഇ ഫുഡ് ബാങ്ക് എക്സിക്യുട്ടീവ് ടീം മേധാവി മനാൽ ബിൻ യാറൂഫ് പറഞ്ഞു. ഭക്ഷ്യമാലിന്യം കാരണമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കുന്നതിലും നിർണായക ഇടപെടലുകൾ നടത്താനായി. നെമയുടെ സഹകരണത്തോടെ 3,35,000 കിലോഗ്രാമിലേറെ ഭക്ഷ്യമാലിന്യങ്ങൾ 50,366 കിലോഗ്രാം ജൈവ വളമാക്കി മാറ്റിയതായും അവർ വ്യക്തമാക്കി. മിച്ചഭക്ഷണം കൈകാര്യം ചെയ്യുന്നതിന് മികച്ച പദ്ധതികളാണ് ഫുഡ് ബാങ്ക് നടപ്പാക്കുന്നത്.

കൃത്യമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഭക്ഷണം ശേഖരിക്കുകയും അവ ആവശ്യക്കാരിലേക്ക് എത്തിക്കുകയും ചെയ്യുന്നത്. ആഗോളതലത്തിൽ പട്ടിണി ഇല്ലാതാക്കാനുള്ള യുഎഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഫുഡ് ബാങ്ക് നിലകൊള്ളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *