2.4 കോടി സന്ദർശകരെ സ്വാഗതം ചെയ്യാൻ അബൂദബി

2023 അവസാനത്തോടെ 24 ദശലക്ഷം സന്ദർശകരെ അബൂദബിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതിയുമായി അബൂദബി സാംസ്‌കാരിക വിനോദ വകുപ്പ്. പ്രാദേശിക ടൂറിസം വികസനത്തിൻറെ സാധ്യതകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫാം ടൂറിസത്തിനും അബൂദബിയിൽ അധികൃതർ അനുമതി നൽകിയിട്ടുണ്ട്. അബൂദബി ടൂറിസം മേഖലയിൽ 2022ൽ കൈവരിച്ച നേട്ടങ്ങളുടെ തുടർച്ചയായാണ് പുതിയ ലക്ഷ്യം മുന്നിൽവെച്ചുള്ള പദ്ധതികളെന്ന് വകുപ്പ് അണ്ടർ സെക്രട്ടറി സഊദ് അബ്ദുൽ അസീസ് അൽ ഹുസനി പറഞ്ഞു. 2022ൽ 18 ദശലക്ഷം സന്ദർശകരാണ് അബൂദബിയിലെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 13 ശതമാനം വർധനയുണ്ടായി. ഹോട്ടൽ മുറികളിൽ 70 ശതമാനവും ബുക്ക് ചെയ്യപ്പെട്ടിരുന്നു. പശ്ചിമേഷ്യയിലെ ശരാശരി 67 ശതമാനമാണെന്നിരിക്കെയാണ് അബൂദബി 70 ശതമാനം കൈവരിച്ചത്. ഏറ്റവും കൂടുതൽ സന്ദർശകർ അബൂദബിയിലെത്തിയത് ഇന്ത്യ, സൗദി, ബ്രിട്ടൻ, യു.എസ് എന്നീ രാജ്യങ്ങളിൽ നിന്നാണ്. അബൂദബിയിൽ സംഘടിപ്പിച്ച വിനോദ, കായിക, വ്യാപാര, റോഡ് ഷോ മുതലായവയാണ് സന്ദർശകരുടെ വർധനക്ക് സഹായകമായത്. 2022ൽ മാത്രം 180 ദിവസത്തിനുള്ളിൽ 100ലേറെ വ്യത്യസ്ത പരിപാടികൾക്കാണ് അബൂദബി വേദിയായത്. ഗ്രാമി പുരസ്‌കാര ജേതാവായ സ്റ്റിങ്, കെ പോപ് സെൻസേഷനായ ബ്ലാക് പിങ്ക്, ഓസ്‌കർ ജേതാവായ എ.ആർ. റഹ്മാൻറെ ഷോ, അബൂദബി ഗ്രാൻഡ് പ്രീ, എൻ.ബി.എ, യു.എഫ്.സി തുടങ്ങിയ വൻ പരിപാടികൾക്കാണ് അബൂദബി ആതിഥ്യം വഹിച്ചത്.

വിനോദ സഞ്ചാരികൾക്ക് ഫാമുകൾ സന്ദർശിക്കാനും താമസിക്കാനുമുള്ള അനുമതി നൽകിയതു വഴി ടൂറിസം മേഖലയിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാനാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള സാഹചര്യം ഒരുങ്ങുകയും ഫാമിലെ ഉൽപന്നങ്ങൾ അവിടെത്തന്നെ വിറ്റഴിക്കാനും സാധിക്കും. മാത്രമല്ല, ഹോം സ്റ്റേകൾ വാടകയിനത്തിൽ അധിക വരുമാനം കണ്ടെത്തുന്നതിനും ഉപകരിക്കും. നഗരത്തിലെ തിരക്കുകളിൽനിന്നു മാറി ഗ്രാമീണ അന്തരീക്ഷത്തിൽ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ചെലവഴിക്കാം. ജൈവ ഉൽപന്നങ്ങൾ നേരിട്ടു വാങ്ങുകയും ചെയ്യാം. അതേസമയം, ഫാമിലെ കൃഷികളെ ദോഷകരമായി ബാധിക്കാത്ത രീതിയിൽ ചെറിയ ആഘോഷങ്ങൾക്കും ഇത്തരം ഫാമുകളിൽ അവസരമുണ്ട്. കമ്പനികളുടെ വാർഷിക മീറ്റിങ്, സംഘടനകളുടെയും കൂട്ടായ്മകളുടെയും ഒത്തുചേരൽ, വിവിധ ആഘോഷങ്ങൾക്കുമൊക്കെ ഫാമുകൾ ഉപയോഗിക്കാവുന്നതാണ്.

യു.എ.ഇ വൈസ് പ്രസിഡൻറും ഉപപ്രധാനമന്ത്രിയും അബൂദബി അഗ്രികൾചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനാണ് അബൂദബിയിലെ കൃഷിഭൂമിയിൽ നിയമപരമായി നൽകാവുന്ന 71 സേവനപ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകിയത്. യു.എ.ഇയുടെ പൈതൃകം പ്രോത്സാഹിപ്പിക്കുക, ഫാം ഉടമകളുടെ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുക, കാർഷിക മേഖലയുടെ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പഴം-പച്ചക്കറി, പക്ഷി-മൃഗ ഉൽപാദനം, ഭക്ഷ്യോൽപാദനം, വിനോദം തുടങ്ങിയ വിഭാഗങ്ങളാണ് ഫാം സേവനത്തിൽ ഉൾപ്പെടുത്തുക. വിനോദ വിഭാഗങ്ങളിലാണ് താമസയിടങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫാമിൻറെ മൊത്തം വിസ്തൃതിയുടെ 30 ശതമാനത്തിൽ കൂടുതൽ ഹോം സ്റ്റേ പാടില്ല. ട്രേഡ് ലൈസൻസ് നിർബന്ധമായും വേണം. 1536 ഫാമുകളാണ് അബൂദബി എമിറേറ്റിൽ മാത്രം നിലവിലുള്ളത്. 2020ൽ 1300 കോടി ദിർഹത്തിൻറെ കാർഷിക ഉൽപന്നങ്ങളാണ് ഇത്തരം ഫാമുകൾ ഉൽപാദിപ്പിച്ചത്. 2021ൽ മൊത്തം ആഭ്യന്തര ഉൽപാദനത്തിൻറെ 1.1 ശതമാനം കാർഷിക മേഖലയിൽ നിന്നായിരുന്നു. നേരത്തേ തന്നെ ഫാം ടൂറിസത്തിന് ദുബൈയിൽ ലഭ്യമാക്കിയ അനുമതി നിരവധി പേരാണ് ഗുണകരമായി ഉപയോഗിക്കുന്നത്. അബൂദബി എമിറേറ്റിൽ ഹോം സ്റ്റേകൾക്ക് അനുമതിയായതോടെ മലയാളികൾ അടക്കമുള്ള നിരവധി ഫാം ഹൗസ് ഉടമകൾക്ക് വൻ സാധ്യതകളാണ് തുറന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *