149 ദിർഹത്തിന് സമഗ്ര ആരോഗ്യ ഇൻഷുറൻസുമായി യുഎഇ ; ടൂറിസ്റ്റുകൾക്കും ഇനി ഹെൽത്ത് കാർഡ്

 

യു എ ഇ : പുതിയ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയിൽ ടൂറിസ്റ്റുകളെയും ഉൾപ്പെടുത്തി യു എ ഇ. 149 ദിർഹത്തിന് ഹെൽത്ത് കെയർ പ്രൊവൈഡർമാർ, ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, ആരോഗ്യ ഇൻഷുറൻസ്, ആഗോള ആരോഗ്യ വിദഗ്ധർ എന്നിവരെ ഒരു പ്ലാറ്റ്‌ഫോമിന് കീഴിൽ ഉൾക്കൊള്ളിച്ചുകൊണ്ടാണ് പാക്കേജ് നിർണ്ണയിച്ചിരിക്കുന്നത്. ഔദ് മേത്തയിലെ ഇന്ത്യൻ ക്ലബിൽ സ്ഥിതി ചെയ്യുന്ന മുൽക് മെഡ് ഹെൽത്ത്‌കെയറാണ് ടൂറിസ്റ്റുകൾക്കായി , കേവലം 149 ദിർഹത്തിന്റെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് ആരംഭിച്ചിരിക്കുന്നത്.

ടൂറിസ്റ്റുകൾ, വിദ്യാർത്ഥികൾ, നിയമ പരിധിയിലുള്ള കമ്പനികൾ,സമുദായങ്ങൾ,വ്യക്തികൾ,കുടുംബങ്ങൾഎന്നിവർക്ക് ഈ ഹെൽത്ത് കാർഡുകൾ ഉപയോഗിക്കാം. ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും ഹെൽത്ത് കാർഡ് ഉടമകൾക്ക് ഓൺലൈൻ സേവനം ലഭ്യമായിരിക്കും. മരുന്നുകൾ വീട്ടുവാതിൽക്കൽ എത്തിക്കുക, രോഗനിർണയം, ഓൺലൈൻ കൺസൾട്ടേഷൻ, ശസ്ത്രക്രിയ എന്നിവ പോലുള്ള വിപുലമായ സേവനങ്ങളിക്കായും ഈ കാർഡുകൾ പ്രയോജനപ്പെടുത്താം. യുഎഇ  യിലെ മികച്ച 100 ഹോസ്പിറ്റലുകൾ 300 ഓളം ഫർമാസികൾ, നിരവധി ഹെൽത്ത് കെയർ ഗ്രൂപ്പുകൾ എന്നിവയുമായി ബന്ധിപ്പിച്ചുകൊണ്ടാണ് ഹെൽത്ത് കാർഡുകൾ അവതരിപ്പിച്ചിരിക്കുന്നത്. ആസ്റ്റർ അൽ സഹ്‌റ, സുലേഖ, പ്രൈം മുതലായ ആശുപത്രികൾ ഇതിൽപ്പെടുന്നുണ്ട്.

അതാത് രാജ്യക്കാരുടെ ആധാർ പോലുള്ള  ഐഡന്റിറ്റി കാർഡും ,പാസ് പോർട്ടും ഉണ്ടെങ്കിൽ ഹെൽത്ത് ഇൻഷുറൻസ് ലഭ്യമാകും. കൂടാതെ വെബ്‌സൈറ്റിൽ ചോദിക്കുന്ന കുറച്ച് ചോദ്യങ്ങൾക്ക് കൂടി ഉത്തരം നൽകുന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാകും. ദുബായ് ഹെൽത്ത് അതോറിറ്റിയും (ഡിഎച്ച്എ), ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയും (ടിഡിആർഎ) അംഗീകരിച്ച മുൽക് മെഡ് പ്രിവിലേജ് ഹെൽത്ത് കാർഡുകളാണ് ഇതിലൂടെ ലഭ്യമാകുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *