ദുബായ് : അവിഹിത ബന്ധത്തതിൽ ഉണ്ടായ ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച അമ്മയെയും കൂട്ടുനിന്ന രണ്ട് യുവതികൾക്കും ദുബായിൽ തടവുശിക്ഷ. 12,000 ദിർഹത്തിന് രണ്ട് മാസത്തിൽ താഴെ പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതിനാണ് ദുബായിൽ വിവിധ രാജ്യക്കാരായ മൂന്ന് ഏഷ്യൻ സ്ത്രീകൾക്ക് ദുബായ് കോടതി 3 വർഷം തടവ് ശിക്ഷയും,ശിക്ഷാകാലാവധി തീരുന്ന പക്ഷം നാട് കടത്താനും ഉത്തരവിട്ടത്.
ദുബായ് ക്രിമിനൽ കോടതി പറയുന്നതനുസരിച്ച്, 2021 ഫെബ്രുവരിയിൽ സോർഷ്യൽ മീഡിയയിലൂടെ 12000 ദിർഹത്തിന് യുവതി ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമിക്കുകയായിരുന്നു. സോഷ്യൽ മീഡിയ ഉപയോക്താക്കൾ നൽകിയ സൂചനയെത്തുടർന്ന് പോലീസ് രഹസ്യമായി അന്വേഷണം നടത്തുകയും,പരസ്യത്തോട് പ്രതികരിക്കുകയുമായിരുന്നു.എന്നാൽ ഇത് മനസിലാക്കാതെ കുഞ്ഞിനെ രഹസ്യ പോലീസുകാരിക്ക് വിൽക്കാൻ അമ്മയും സമ്മതിച്ചു.കുട്ടിയെ വാങ്ങുന്നവരുടെ പക്കലെത്തിക്കാൻ കൂട്ടുകാരികളുടെ സഹായത്തോടെയായിരിരുന്നു യുവതി കാര്യങ്ങൾ മുന്നോട്ട് നീക്കിയത് . രണ്ടാം പ്രതി കുട്ടിയെ അമ്മയിൽ നിന്ന് കൊണ്ടുവരികയും മൂന്നാം പ്രതി ജുമൈറ ഏരിയയിൽ കുഞ്ഞിനെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുകയും ചെയ്യുന്നതിനിടയിൽ മൂന്നുപേരെയും പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുഞ്ഞ് അവിഹിത ബന്ധത്തിന്റെ ഫലമാണെന്നും പണത്തിന്റെ ആവശ്യത്തിനാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതെന്നും കുട്ടിയുടെ അമ്മ സമ്മതിച്ചു.മൂന്ന് പ്രതികൾക്കും മൂന്ന് വർഷം വീതം തടവ് ശിക്ഷയും, ശിക്ഷാ കാലാവധിക്കുശേഷം നാടുകടത്താണ് കോടതി ഉത്തരവായി. അതേസമയം കുഞ്ഞിനെ പ്രത്യേക ശിശു പരിചരണത്തിൽ പാർപ്പിക്കും.