സുൽത്താൻ അൽ നിയാദി ബഹിരാകാശ ദൗത്യത്തിന്റെ അവസാന ഘട്ടത്തിലേക്ക്

യു.എ.ഇയുടെ ബഹിരാകാശ യാത്രികൻ സുല്‍ത്താന്‍ അല്‍ നിയാദി ദൗത്യത്തിന്റെ അവസാന ഘട്ടത്തിലേക്ക്. ദൗത്യം പൂര്‍ത്തിയാക്കി നിയാദി അടുത്തമാസം ഭൂമിയിലെത്തും. അടുത്തമാസം മൂന്നിന് നിയാദി ബഹികാകാശ നിലയത്തിലെത്തി ആറുമാസമാകും. ആ​ഗസ്റ്റ് അവസാനവാരമോ സെപ്റ്റംബര്‍ ആദ്യത്തിലോ നിയാദി ഭൂമിയിലേക്ക് മടങ്ങിയെത്തും. തിരിച്ചെത്തുന്ന തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം ചെലവഴിച്ച ആദ്യ അറബ് വംശജന്‍ എന്ന നേട്ടം ഇതിനകം അല്‍ നിയാദി സ്വന്തമാക്കി കഴിഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് നിയാദി ബഹിരാകാശ നിലയത്തിലെത്തിയത്. ബഹിരാകാശത്ത് ഏഴ് മണിക്കൂര്‍ നടന്നതിന്റെ റെക്കോർഡും സുല്‍ത്താന്റെ പേരിലാണ്. ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റ പണികളും പുതിയ സൗരോര്‍ജ പാനല്‍ സ്ഥാപിക്കലുമെല്ലാം നടത്തത്തിനിടെ പൂര്‍ത്തിയാക്കി.

ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബഹിരാകാശ നിലയത്തില്‍ നിന്ന് അപൂർവ ചിത്രങ്ങളാണ് ഓരോ ദിവസവും അല്‍ നിയാദി പങ്കുവയ്ക്കുന്നത്. യു.എ.ഇയിലെ വിവിധ മേഖലയിലെ വിദഗ്ധരുമായും വിദ്യാര്‍ഥികളുമായും പലതവണ അദ്ദേഹം ബഹിരാകാശത്ത് നിന്ന് ആശയ വിനിമയം നടത്തി. നാസയിലെ മറ്റു ശാസ്ത്രജ്ഞര്‍ക്കൊപ്പം 200 പരീക്ഷണങ്ങളില്‍ സുല്‍ത്താന്‍ പങ്കാളിയായി. യു.എ.ഇ. സര്‍വകലാശാലകള്‍ക്കു വേണ്ടി 19 പരീക്ഷണങ്ങള്‍ വേറെയും നടത്തിയാണ് നിയാദി മടക്കയാത്രക്ക് ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *