അജ്മാൻ∙ : ഗതാഗത സിഗ്നലുകൾ അവഗണിച്ച് റോഡ് മുറിഞ്ഞു കടക്കുകയും, പെഡസ്ട്രിയൻ ലൈനുകളിലൂടെയുമല്ലാതെ സഞ്ചരിക്കുകയും ചെയ്യുന്ന ആളുകൾക്ക് കനത്ത പിഴയുമായി അജ്‌മാൻ. സിഗ്നൽ അവഗണിച്ച് റോഡ് മുറിച്ചുകടക്കുന്നവർക്കും അനുമതിയില്ലാത്ത റോഡുകളിൽ മറു ഭാഗത്തേക്ക് എത്താൻ ശ്രമിക്കുന്നവരുമെല്ലാം 400 ദിർഹമെന്ന് പിഴ ഈടാക്കുകയെന്ന് അജ്മാൻ പൊലീസ് പട്രോളിങ് ഡയറക്ടർ ലഫ്.കേണൽ സൈഫ് അബ്ദുല്ല അൽഫലാസി അറിയിച്ചു.
ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കാത്തതുമൂലം നിരവധിയാപകടങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. എമിറേറ്റിൽ വാഹനം തട്ടിയുണ്ടാകുന്ന അപകടങ്ങൾക്ക് കാരണം അനുമതിയില്ലാത്ത ഇടങ്ങളിൽ റോഡ് കുറുകെ കടക്കുന്നതാണ്. സുരക്ഷിതമായ സഞ്ചാരത്തിനുള്ള മേൽപാലങ്ങൾ ഒഴിവാക്കി റോഡിലൂടെ ഓടുന്നവരാണ് അപകടത്തിൽ പെടുന്നത്. പാലങ്ങൾ കയറിയിറങ്ങാനും ദൂരം നടക്കാനുമുള്ള മടിയോർത്ത് പലരും വേഗത്തിൽ റോഡ് മുറിഞ്ഞുകടക്കുന്നത് മൂലമാണ് അപകടങ്ങളുണ്ടാകുന്നത്. ഒറ്റയോട്ടത്തിനു അപ്പുറമെത്താമെന്ന കണക്കുകൂട്ടൽ പലപ്പോഴും പിഴയ്ക്കുകയും അപകടങ്ങൾ സ്ഥിരം കാഴ്ചകളായി മാറുകയുമാണ്. പലപ്പോഴും ബ്രേക്കിട്ടാലും വാഹന വേഗം മൂലം അപകടം സംഭവിക്കും. ജീവൻ മറന്നുള്ള ആളുകളുടെ പെരുമാറ്റമാണ് വാഹനം തട്ടിയുള്ള അപകടങ്ങൾ വർധിക്കാൻ ഇടയാക്കുന്നതെന്ന് ലഫ്.കേണൽ സൈഫ് അബ്ദുല്ല അൽഫലാസി അറിയിച്ചു. മേൽപാലങ്ങളും പെഡസ്ട്രിയൻ പാതകളും സിഗ്നലുകളുമെല്ലാം ജനസുരക്ഷ ലക്ഷ്യം വച്ച് പണിതതാണെന്നും അദ്ദേഹം പറഞ്ഞു